Enter your Email Address to subscribe to our newsletters

Kozhikkode, 30 ഡിസംബര്‍ (H.S.)
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയിലായിരുന്നു രക്ഷപ്പെടല്‍. ശൗചാലയത്തിന്റെ ചുമര്‍ തുരന്നാണ് പ്രതി രക്ഷപ്പെട്ടത്. ഓരോ മണിക്കൂറിലും പ്രതികളെ നിരീക്ഷിക്കുകയും സെല്ലില്‍ ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സ്ഥലത്ത് നിന്നാണ് പ്രതിയുടെ രക്ഷപ്പെടല്‍.
രാത്രു ഒന്‍പത് മണിവരെ പ്രതി സെല്ലില്‍ ഉണ്ടെന്ന് ഉറപ്പാക്കിയിരുന്നു. എന്നാല്‍ 11 മണിയുടെ പരിശോധനയില്‍ പ്രതി രക്ഷപ്പെട്ടതായി കണ്ടെത്തിയത്. പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് വിനീഷിനെ കുതിരവട്ടത്ത് എത്തിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായ വിനീഷിനെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവിടെ എത്തിച്ചത്. 2022 ലും വിനീഷിനെ ഇവിടെ ചികിത്സയ്ക്ക് എത്തിച്ചിരുന്നു. ചികിത്സക്കിടെ ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. പിന്നീട് പോലീസിന്റെ പിടിയിലായി.
കര്‍ണാടകത്തില്‍ നിന്നാണ് അന്ന് പിടിയിലായത്. വാഹനം മോഷ്ടിക്കുന്നതിനിടെയാണ് വിനീഷിനെ കണ്ടെത്തിയത്. കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ വച്ച് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ചോദ്യം ചെയ്തതില്‍നിന്നാണ് ഇയാളെ കേരളത്തിലെ കൊലക്കേസ് പ്രതിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് കര്‍ണാടക പൊലീസ് കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒരു അന്തേവാസിയുടെ മോതിരം കുടുങ്ങിയത് അഴിച്ചെടുക്കാന്‍ അഗ്‌നിരക്ഷാ സേന കുതിരവട്ടത്ത് പ്രവേശിച്ച സമയത്താണ് വിനീഷ് ഇവിടെ നിന്നും കടന്നുകളഞ്ഞത്. കൊലക്കേസില്‍ റിമാന്‍ഡിലായിരുന്ന സമയത്ത് വിനീഷ് കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അവശനിലയിലായ ഇയാള്‍ ഏറെ നാളത്തെ ചികിത്സയ്ക്കുശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
2021-ലാണ് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ സ്വദേശിനിയായ 21കാരി ദൃശ്യയെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. കിടപ്പുമുറിയില്‍ കയറിയാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. പ്ലസ് ടു മുതല്‍ വിനീഷ് ദൃശ്യയെ ശല്യം ചെയ്തിരുന്നു. രണ്ട് പേരും കുന്നക്കാവ് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ് പഠിച്ചത്.പ്ലസ്ടുവിന് ശേഷം ദൃശ്യ ഒറ്റപ്പാലം ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളജില്‍ നിയമപഠനത്തിനായി പോയിരുന്നു.
കൊലപാതകത്തിനു മൂന്ന് മാസം മുന്‍പ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഇതു നിരസിച്ച കുടുംബം പോലീസില്‍ പരാതി നല്‍കി. ഈ കേസില്‍ പോലീസ് വിനീഷിനെ താക്കീതു ചെയ്ത് വിട്ടയച്ചു. ഇതിന് പിന്നാലെയാണ് പ്രതി കുറ്റകൃത്യം നടത്തിയത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ടശേഷമാണ് വീട്ടില്‍ അതിക്രമിച്ചുകയറി പ്രതി പെണ്‍കുട്ടിയെ കുത്തിവീഴ്ത്തിയത്.
---------------
Hindusthan Samachar / Sreejith S