Enter your Email Address to subscribe to our newsletters

Kochi, 30 ഡിസംബര്‍ (H.S.)
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ്. ഡിസംബര്‍ 31 ബുധനാഴ്ച ബാറുകള്‍ക്ക് രാത്രി 12 മണിവരെ പ്രവര്‍ത്തിക്കാം. ബിയര്‍ വൈന്‍ പാര്‍ലറുകളുടെ സമയവും നീട്ടി നല്‍കിയിട്ടുണ്ട്. ഇളവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബാറുടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഇത്തരം ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് പുതുവത്സരാഘോഷങ്ങള്‍ക്കായി ബാറുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത്. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ടലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. ഒന്‍പതു മണി വരെയാകും ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുക. രാവിലെ 10 മണി മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ സംസ്ഥാനത്തെ പ്രവര്‍ത്തന സമയം. ഇതില്‍ ഒരു മണിക്കൂറിന്റെ ഇളവാണ് നല്‍കിയിരിക്കുന്നത്. വിവിധ ബാറുകള്‍ പുതുവത്സരം പ്രമാണിച്ച് വലിയ ആഘോഷങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിനാലാണ് പ്രവര്‍ത്തന സമയം നീട്ടണം എന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടത്.
പുതുവത്സര ആഘോഷങ്ങള്‍ക്കായി സംസ്ഥാന വ്യാപകമായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചി ഒരുങ്ങി കഴിഞ്ഞു. പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഫോര്‍ട്ട് കൊച്ചി ഒരുങ്ങുന്നു. പരേഡ് ഗ്രൗണ്ടിലും, വെളി മൈതാനത്തുമായി രണ്ട് കൂറ്റന്‍ പപ്പാഞ്ഞിമാര്‍ ഇക്കുറി കത്തിയമരും. കര്‍ശന സുരക്ഷയാണ് പുതുവത്സരാഘോഷങ്ങള്‍ക്കായി ഫോര്‍ട്ടുകൊച്ചിയിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ക്രിസ്മസ് ദിനത്തില്‍ ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്തെ മഴമരം ദീപാലങ്കൃതമായി. ഇക്കുറി മഴമരത്തിലെ വിളക്കുകള്‍ക്ക് മഞ്ഞനിറമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്മസ് മരമായാണ് ഇതിനെ കണക്കാക്കുന്നത്. 8 ലക്ഷം രൂപ ചിലവില്‍ ഒന്നരലക്ഷം സീരിയല്‍ ബള്‍ബുകള്‍ അടക്കം അണിനിരത്തിയാണ് ഈ നിറച്ചാര്‍ത്ത്. വൈകിട്ട് ആറര മുതല്‍ തുടങ്ങുന്ന ആഘോഷങ്ങള്‍ പാതിരാവരെ നീളും. വിപുലമായ ക്രമീകരണങ്ങള്‍ ഇക്കുറി പുതുവത്സരാഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെളി മൈതാനത്തെ പപ്പാഞ്ഞി നിര്‍മ്മാണം പൂര്‍ത്തിയായി. നാളുകളായി പുതുവത്സര ദിനത്തില്‍ ഒത്തുകൂടുന്ന പരേഡ് ഗ്രൗണ്ടിലും ഇക്കുറി പപ്പാഞ്ഞിയുണ്ട്. രണ്ട് സ്ഥലങ്ങളിലും നൃത്ത സംഗീത പരിപാടികള്‍ അരങ്ങേറും. വന്‍ ജനാവലി ഫോര്‍ട്ട് കൊച്ചിയിലേക്ക് എത്തുമെന്നതിനാല്‍ വിപുലമായ സുരക്ഷാ സംവിധാനവും ഗതാഗത ക്രമീകരണവും ആണ് പോലീസ് ഈ ദിവസങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S