Enter your Email Address to subscribe to our newsletters

Kerala, 30 ഡിസംബര്‍ (H.S.)
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്റെ വസതിക്ക് നേരെ യുക്രൈന്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്രപരമായ ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രധാനമന്ത്രി ഇരു രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു.
'റഷ്യന്‍ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ട് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ഏറെ ആശങ്കയുണ്ട്. നിലവിലുള്ള നയതന്ത്രപരമായ നീക്കങ്ങള്‍ ശത്രുത അവസാനിപ്പിച്ച് സമാധാനം നേടാനുള്ള ഏറ്റവും പ്രായോഗികമായ മാര്‍ഗ്ഗമാണ്. ഈ ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അവയെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുള്ള നടപടികള്‍ ഒഴിവാക്കാനും എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു'. പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
നോവ്ഗൊറോഡ് മേഖലയിലെ പുതിന്റെ ഒദ്യോഗിക വസതിയിലേക്ക് യുക്രൈന്‍ ആക്രമണം നടത്തിയെന്ന വിവരം റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവാണ് പുറത്തുവിട്ടത്. ഡിസംബര്‍ 28, 29 തീയതികളില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് യുക്രൈന്‍ 91 ദീര്‍ഘദൂര ഡ്രോണുകള്‍ അയച്ചെന്ന് ലവ്‌റോവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം 'ആ രാജ്യത്തിന്റെ ഭീകരവാദം' ആണെന്ന് പറഞ്ഞ ലവ്‌റോവ് ഈ നടപടി അപകടകരമാണെന്നും ഇതിന് മറുപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി ഈ ആരോപണം തള്ളി. റഷ്യ പച്ചക്കള്ളം പറയുകയാണെന്നും യുക്രൈനെതിരായ പുതിയ ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ നടത്തിയിരുന്നു. റഷ്യയിലും യുക്രൈനിലും എത്തിയ പ്രധാനമന്ത്രി ഇരു രാഷ്ടരതലവന്‍മാരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
---------------
Hindusthan Samachar / Sreejith S