Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 ഡിസംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഡി. മണി പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. ഈഞ്ചയ്ക്കലിലെ എസ്ഐടി ഓഫീസിലാണ് ഇന്ന് രാവിലെ അഭിഭാഷകര്‍ക്കൊപ്പം മണി എത്തിയത്. ഓഫീസില്‍ ആദ്യമെത്തിയത് മണിയുടെ സുഹൃത്ത് ബാലമുരുകനും ഭാര്യയുമായിരുന്നു. പിന്നീടാണ് മണി എത്തിയത്. എസ്‌ഐടി സംഘത്തലവന്‍ എസ്. ശശിധരന്റെ നേതൃത്വത്തിലാണ് മണിയെ ചോദ്യം ചെയ്യുന്നത്.
ശബരിമല കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വിദേശവ്യവസായിയും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണിയെയും ബാലമുരുകനെയും എസ്‌ഐടി ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. അഭിഭാഷകര്‍ക്കൊപ്പമാണ് മണിയും ബാലമുരുകനുമെത്തിയത്.
വ്യവസായി നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഡി. മണിയിലേക്ക് എസ്ഐടി എത്തിച്ചേര്‍ന്നത്. താന്‍ ഡി. മണിയോ ദാവൂദ് മണിയോ അല്ലെന്നും സുഹൃത്ത് ബാലമുരുകന്റെ പേരിലുള്ള സിം ഉപയോഗിക്കുന്നേ ഉള്ളൂവെന്നും അന്വേഷണ സംഘത്തോട് നേരത്തെ മണി വ്യക്തമാക്കിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കുറിച്ചോ മറ്റുള്ളവരെ കുറിച്ചോ കൊള്ളയെക്കുറിച്ചോ അറിയില്ലെന്നും പറഞ്ഞിരുന്നു.
മണിയെക്കുറിച്ച് മുന്‍പ് ദിണ്ടിഗല്‍ കേന്ദ്രീകരിച്ച് കൃത്യമായ അന്വേഷണത്തിനോ വിവരശേഖരണത്തിനോ എസ്ഐടിക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്കുകയായിരുന്നു. മണിക്ക് സ്വര്‍ണക്കൊള്ളയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യമാണ് എസ്ഐടി പരിശോധിക്കുക.
നേരത്തെ ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് എസ്‌ഐടി അന്വേഷണം നടത്തിയിരുന്നു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മൊഴിയിലുണ്ടായിരുന്ന ഡി മണിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളെ ചോദ്യം ചെയ്യുകയും സ്ഥാപനങ്ങളിലും വീട്ടിലും എസ്ഐടി പരിശോധന നടത്തുകയും ചെയ്തു. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശിയായ ഡി മണിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.
രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു വിദേശ വ്യവസായിയും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ ഡി മണി വാങ്ങിയെന്നായിരുന്നു മൊഴി. ഡയമണ്ട് മണി, ദാവൂദ് മണി എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഇയാളുടെ യഥാര്‍ത്ഥ പേര് ബാലമുരുകന്‍ എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാലമുരുകന്റെ സുഹൃത്തായ ശ്രീകൃഷ്ണന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേരളത്തില്‍നിന്നുള്ള പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഡിണ്ടിഗലിലെ ഓഫീസിലെത്തി ഡി മണിയുടെ മൊഴി രേഖപ്പെടുത്തി. എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇയാള്‍ മൊഴി നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ല. ഡി മണി എന്നയാള്‍ താനല്ല. മറ്റൊരു മണിയുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S