Enter your Email Address to subscribe to our newsletters

Sabarimala, 30 ഡിസംബര്‍ (H.S.)
മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഇന്ന് (ഡിസംബര്‍ 30) വൈകിട്ട് അഞ്ചിന് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം നടതുറന്നു. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി ഇ ടി പ്രസാദ് നടതുറന്നു. തുടര്‍ന്ന് ശബരീശന്റെ വിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും താക്കോലും മേല്‍ശാന്തിയില്‍ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവില്‍ തുറന്നു.
മേല്‍ശാന്തി ആഴിയില്‍ അഗ്‌നി പകര്‍ന്നതിന് ശേഷം അയ്യപ്പഭക്തര്‍ പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തി. ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഒ ജി ബിജു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീനിവാസ് തുടങ്ങിയവര്‍ ദര്‍ശനത്തിനെത്തി. മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബര്‍ 27ന് നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19ന് രാത്രി 11 വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം സാധ്യമാകും. ജനുവരി 20ന് രാവിലെ 6.30ന് നടയടയ്ക്കും.
ശബരിമലയില്‍ പോലീസിന്റെ അഞ്ചാമത്തെ ബാച്ച് സ്‌പെഷ്യല്‍ ഓഫീസര്‍ എം കൃഷ്ണന്റെ നേതൃത്വത്തില്‍ ചുമതലയേറ്റെടുത്തു. നിലവില്‍ എറണാകുളം ക്രൈം ബ്രാഞ്ച് എസ് പിയാണ് എം കൃഷ്ണന്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കി അവരെ സംതൃപ്തിയോടെ സന്നിധാനത്ത് നിന്ന് തിരികെ അയക്കുക എന്നതാണ് ഡ്യൂട്ടിയിലുള്ള ഓരോരുത്തരുടെയും കടമയെന്നും ഡ്യൂട്ടി ഓഫീസര്‍ പുതിയ ബാച്ചിനെ ഓര്‍മപ്പെടുത്തി.
സന്നിധാനത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളെപ്പറ്റിയും ഓരോയിടത്തും അയ്യപ്പന്മാര്‍ക്ക് ഒരുക്കിയിട്ടുള്ള വിവിധ സൗകര്യങ്ങളെക്കുറിച്ചും ഓരോ പോലീസുകാരനും അറിവുണ്ടാകണം. അവരുടെ സംശയങ്ങള്‍ ക്ഷമയോടെ കേള്‍ക്കാനും വ്യക്തമായ മറുപടി നല്‍കാനും കഴിയണമെന്ന് ഡ്യൂട്ടി ഓഫീസര്‍ പറഞ്ഞു. ശബരിപീഠം, മരക്കൂട്ടം, സോപാനം, പതിനെട്ടാം പടി, നടപ്പന്തല്‍, യൂ-ടേണ്‍, ശരംകുത്തി, കൊടിമരം, മാളികപ്പുറം, പാണ്ടിത്താവളം, കെ എസ് ഇ ബി എന്നിവയാണ് പ്രധാന ഡ്യൂട്ടി പോയിന്റുകള്‍. ഒരു മിനുറ്റില്‍ 70 അയ്യപ്പന്മാരെ പതിനെട്ടാം പടി കടത്തി വിടണം. നടപന്തലില്‍ ഭക്തരുടെ നിര ചലിപ്പിക്കാന്‍ വിവിധ ഡ്യൂട്ടി പോയിന്റുകള്‍ തമ്മിലുള്ള ഏകോപനം ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ഭക്തരെ ഒരു കേന്ദ്രത്തിലും തങ്ങിനില്‍ക്കാന്‍ അനുവദിക്കരുത്. പാണ്ടിത്താവളത്ത് ആനയിറങ്ങുന്ന പ്രദേശമായതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടണം. ക്യൂ കോംപ്ലക്‌സില്‍ ശൗചാലയ കേന്ദ്രങ്ങളില്‍ കൃത്യമായ ദിശാസൂചിക ബോര്‍ഡുകള്‍ സ്ഥാപിച്ചുവെന്നു ഉറപ്പാക്കണമെന്നും ഡ്യൂട്ടി ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
10 ഡി വൈ എസ് പിമാരും, 35 സി ഐമാരും, സിപിഒ, എസ്‌ഐ, എഎസ്‌ഐ, എസ് സി പി ഒ എന്നിവരുള്‍പ്പെടെ 1593 പേരാണ് പുതിയ ബാച്ചിലുള്ളത്.
---------------
Hindusthan Samachar / Sreejith S