Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 ഡിസംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊളളയില്‍ സിപിഎം നേതാവും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. അതീവ രഹസ്യമായാണ് മുന്‍ മന്ത്രിയുടെ ചോദ്യം ചെയ്യല്‍. ശനിയാഴ്ച നടന്ന ചോദ്യം ചെയ്യല്‍ ഇന്നാണ് പുറത്തറിഞ്ഞത്. കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി എന്ന നിലയിലാണു ചോദ്യം ചെയ്തത്. കടകംപള്ളിയെ കൂടാതെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും എസ്‌ഐടി ചോദ്യം ചെയ്തു.
സിപിഎമ്മിനെ ആകെ പ്രതിരോധത്തിലാക്കുന്ന തരത്തിലേക്കാണ് ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം മുന്നോട്ടു പോകുന്നത്. എസ്‌ഐടി ഇതുവരെ ഈ കേസില്‍ ചോദ്യം ചെയ്ത ഉന്നതരെല്ലാം അറസ്റ്റിലായിട്ടുണ്ട്. എ പത്മകുമാര്‍, എന്‍ വാസു, ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ ബോര്‍ഡ് അംഗമായ വിജയകുമാറിന്റെ കാര്യത്തില്‍ വരെ അതാണ് നടന്നത്. അതാണ് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത്.
ചോദ്യം ചെയ്യല്‍ നടന്നതാണ് കടകംപള്ളി സുരേന്ദ്രനും സമ്മതിച്ചിട്ടുണ്ട്. 2019ലെ മന്ത്രി എന്ന നിലയില്‍ അന്വേഷണസംഘം വിവരങ്ങള്‍ ചോദിച്ചു. അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു. ഇതില്‍ പ്രതികരണം അവസാനിപ്പിക്കുകയാണ് കടകംപള്ളി സുരേന്ദ്രന്‍ ചെയ്തത്.
പത്മകുമാറിന്റെ നിര്‍ദേശപ്രകാരമാണ് എല്ലാം നടന്നതെന്നും സഖാവ് പറഞ്ഞതു മാത്രമാണ് ചെയ്തതെന്നുമാണ് വിജയകുമാര്‍ എസ്ഐടിയോടു പറഞ്ഞിരുന്നു. സ്വര്‍ണപ്പാളി മാറ്റുന്ന കാര്യമടക്കം ബോര്‍ഡില്‍ അവതരിപ്പിച്ചത് പത്മകുമാറാണ്. പ്രധാനതീരുമാനങ്ങളെല്ലാം പ്രസിഡന്റ് പറയുന്നതായിരുന്നു രീതി. അതുകൊണ്ട് വായിച്ചുപോലും നോക്കാതെ ഒപ്പിട്ടുവെന്നും പ്രശ്നമുണ്ടാകുമെന്ന് അറിഞ്ഞില്ലെന്നും വിജയകുമാര്‍ പറഞ്ഞു. സമ്മര്‍ദം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയെന്നും മൊഴിയില്‍ പറയുന്നു.
ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. എല്ലാം പത്മകുമാര്‍ പറഞ്ഞിട്ടാണ്. പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളില്‍ ഒപ്പിട്ടത്. മറ്റു കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നില്ലെന്നും വിജയകുമാര്‍ പറഞ്ഞു. എന്നാല്‍ വിജയകുമാറിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് എസ്ഐടി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പത്മകുമാറും, വിജയകുമാറും അറസ്റ്റിലായ സാഹചര്യത്തില്‍ എസ്ഐടിയുടെ അടുത്ത ലക്ഷ്യം ശങ്കര്‍ദാസിലേക്ക് എന്നാണു വ്യക്തമാവുന്നത്. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ചോദ്യം ചെയ്യലിന് അവധി ആവശ്യപ്പെടുന്ന ശങ്കര്‍ദാസിന്റെ നീക്കം എസ്ഐടി പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ജനുവരി 12 വരെ വിജയകുമാറിനെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും വിജയകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി നാളെ പരിഗണിക്കും.
പത്മകുമാര്‍ പ്രസിഡന്റായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അതിരുവിട്ട് സഹായിക്കാനായി ദേവസ്വം മാന്വല്‍ തന്നെ തിരുത്തി എഴുതി. ഇത് ഭരണസമിതിയിലെ മൂവരുടെയും അറിവോടെയാണ്. മിനിറ്റ്സ് തിരുത്തിയതും പുതിയ ഉത്തരവുകള്‍ എഴുതി ചേര്‍ത്തതും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ പ്രസിഡന്റായിരുന്ന പത്മകുമാര്‍, അംഗങ്ങളായ എന്‍.വിജയകുമാറിനെയും കെ.പി.ശങ്കര്‍ദാസിനെയും ബോധ്യപ്പെടുത്തിയിരുന്നുവെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S