Enter your Email Address to subscribe to our newsletters

Thiruvananthapuram, 31 ഡിസംബര്‍ (H.S.)
സിറ്റി ബസ് വിവാദത്തിൽ മേയർ വി.വി. രാജേഷിന് ചുട്ട മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ബസുകൾ കോർപ്പറേഷേൻ്റേത് അല്ലെന്നും അറുപത് ശതമാനം വിഹിതവും സംസ്ഥാന സർക്കാരിൻ്റേതാണെന്നും ഗണേഷ് കുമാർ പറഞ്ഞു. മേയർ എഴുതി തന്നാൽ 113 വണ്ടിയും 24 മണിക്കൂറിനകം തിരിച്ച് കൊടുക്കാം.ബസുകള്‍ അവർക്കിഷ്ടമുള്ള സ്ഥലത്ത് ഇടാം. കെഎസ്‌ആർടിസിയുടെ ഡിപ്പോയില്‍ ഇടാൻ പറ്റില്ല.പകരം 150 വണ്ടികൾ കെഎസ്ആർടിസി തിരുവനന്തപുരത്ത് ഇറക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
113 ബസുകളാണ് സ്മാർട്ട് സിറ്റി പദ്ധതിയിലുള്ളത്. സിറ്റി ബസുകളിൽ ഒന്നും തിരുവനന്തപുരത്തിന് പുറത്ത് ഓടുന്നില്ല. പഠിച്ചിട്ട് മാത്രം പറയണമെന്നും, മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മന്ത്രി പറഞ്ഞു. കോർപ്പറേഷന് വാശിയാണെങ്കിൽ, മുഴുവൻ ബസും തിരിച്ചു നൽകിയേക്കാം എന്നാണ് മന്ത്രിയുടെ പക്ഷം. നടത്തിപ്പ് കോർപ്പറേഷൻ ഏറ്റെടുക്കട്ടെ. സിറ്റി ബസ് ഉപയോഗിച്ചല്ല കെഎസ്ആർടിസി ജീവിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. ലോഹ്യമായിട്ടാണെങ്കിൽ ലോഹ്യമായിട്ട് നിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
സ്മാർട് സിറ്റിയുടെ ഭാഗമായുള്ള 113 ഇലക്ട്രിക് ബസുകളെ നഗരത്തിനുള്ളിൽതന്നെ സർവീസ് നടത്താനുള്ള നടപടി സ്വീകരിക്കുമെന്നായിരുന്നു മേയർ വി.വി.രാജേഷിൻ്റെ പ്രസ്താവന. സിറ്റി ബസുകൾ നഗരത്തിൽതന്നെ സർവീസ് നടത്തി, തുച്ഛമായ ടിക്കറ്റ് നിരക്ക് ഈടാക്കണമെന്ന് കെഎസ്ആർടിസി കോർപ്പറേഷനുമായി കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ ഈ കരാർ ലംഘിച്ച് കെഎസ്ആർടിസി സിറ്റി ബസാക്കിയെന്നും മറ്റു സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയെന്നും വി.വി. രാജേഷ് ആരോപിച്ചിരുന്നു.
ഇലക്‌ട്രിക് ബസുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് കെഎസ്‌ആർടിസിയാണ്. വേണമെങ്കില്‍ 113 ബസുകള്‍ കോർപ്പറേഷന് തിരിച്ചുനല്‍കാമെന്നും മന്ത്രി പറഞ്ഞു.നെടുമങ്ങാട്, ആറ്റിങ്ങല്‍, പോത്തൻകോട്, നെയ്യാറ്റിൻകര തുടങ്ങിയിടങ്ങളില്‍ താമസിക്കുന്നവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാൻ പറ്റില്ലെന്നും വണ്ടിയില്‍ കയറ്റാൻ പറ്റില്ലെന്നും പറയാൻ കേരള സർക്കാരിന് കഴിയില്ല. അങ്ങനെ പറയില്ല- മന്ത്രി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട മേയർ വി.വി. രാജേഷ് സംസാരിക്കുകയോ കത്ത് നല്‍കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് സ്മാർട്ട് സിറ്റിയുടെ ഭാഗമായി കെഎസ്‌ആർടിസിക്കു നല്‍കിയ ഇലക്‌ട്രിക് ബസുകള്‍ നഗരത്തില്‍ ഓടിയാല്‍ മതിയെന്ന നിലപാടിലാണ് കോർപ്പറേഷൻ ഭരണസമിതി. 113 ഇലക്‌ട്രിക് ബസുകളാണ് കെഎസ്‌ആർടിസിക്കു നല്‍കിയത്. ഇതേച്ചൊല്ലിയാണ് ഇപ്പോള്‍ തർക്കമുടലെടുത്തിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR