Enter your Email Address to subscribe to our newsletters

Kannur, 31 ഡിസംബര്‍ (H.S.)
കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയത്രക്ക് 2026 ജനുവരി രണ്ടിന് കണ്ണൂരില്‍ സ്വീകരണം നല്‍കും.
മനുഷ്യർകൊപ്പം എന്നതാണ് ഇത്തവണ കേരള യാത്ര ഉയർത്തിപ്പിടിക്കുന്ന സന്ദേശം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്. കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് യാത്ര നായകൻ. സയ്യിദ് ഇബ്രാഹിം ഖലീല്‍ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി എന്നിവർ ഉപനായകരാണ്.
മനുഷ്യർക്ക് അറിവ്, വസ്ത്രം, പാർപ്പിടം, സ്വസ്ഥ ജീവിതം എല്ലാം ആവശ്യമാണ്. അതവരുടെ അവകാശമാണ്.അഭിപ്രായ സ്വാതന്ത്യവും മത സ്വാതന്ത്ര്യവും ജീവിത സ്വാതന്ത്ര്യവും ജന്മാവകാശങ്ങളാണ്. അവ തന്റെ അവകാശമാണെന്നും ചോദിച്ചു വാങ്ങേണ്ടതാണെന്നും അറിയാത്ത മനുഷ്യർ വിവിധ തരം അതിവൈകാരികതകളുടെ ആജ്ഞാനുവർത്തികളായി മാറുന്നു. ചൂഷകമനസ്സുള്ളവർ അവരെ വെറുപ്പ് വിതക്കാനുള്ള ഉപകരണങ്ങളാക്കുന്നു. അറിവില്ലാത്ത മനുഷ്യർ പോർവിളിച്ച് അന്യോന്യം കൊല്ലുന്നു. ലഹരിക്കടിമയാവുന്നു. മറ്റുള്ളവരെ ലഹരിക്ക് കീഴ്‌പ്പെടുത്തുന്നു.
അങ്ങനെ കിട്ടുന്ന നൈമിഷിക സുഖത്തിലും സാമ്ബത്തിക ലാഭത്തിലും ആകൃഷ്ടരാവുന്നു. അനീതിക്കെതിരായ ധർമസമരം ലോകത്ത് ഇല്ലാതാകുന്നു. ലാഭക്കൊതിയന്മാർക്ക് അവരുടെ താല്പര്യങ്ങള്‍ വിറ്റഴിക്കാനുളള വെറുമൊരു കമ്ബോളമായി മനുഷ്യരാശി മാറുന്നു. ഫലമോ, ദുർബല വിഭാഗങ്ങള്‍ എന്നും ദുർബലരും ചൂഷകരെന്നും ചൂഷകരുമായിത്തീരുന്നു. ഈയൊരു സ്ഥിതി ലോകത്തിന്റെ ദുരന്തമാണ്. ഓരോ ജീവിക്കുമുള്ള അവകാശങ്ങള്‍ വകവെച്ചു കൊടുത്തു കൊണ്ടുളള നന്മ നിറഞ്ഞ ജീവിതവും പരസ്പര കരുതലും സംരക്ഷണവും സ്‌നേഹവും നല്‍കുന്ന ഒരു ആദർശ സമൂഹത്തിന്റെ നിർമ്മിതിയാണ് നാം അടിയന്തിരമായി ലക്ഷ്യം വെക്കേണ്ടത്. അതാണ് ഈ യാത്രയുടെയും അനുബന്ധ പദ്ധതികളുടെയും ഉള്ളടക്കം.
എല്ലാ ജനവിഭാഗങ്ങളും ചേർന്നതാണ് മനുഷ്യകുലമെന്ന് ജനങ്ങള്‍ പരസ്പരം പറയുന്ന, വിശ്വസിക്കുന്ന ഒരു കാലം തിരിച്ചു വരണം. വരാനിരിക്കുന്ന തലമുറകള്‍ക്കും കൂടി ഒരു നല്ല ഭാവി കാത്തുവെക്കാൻ കഴിയേണ്ടതുണ്ട്. മനുഷ്യൻ എന്ന നല്ല കാഴ്ചപ്പാട് ഇവിടെ തീരാൻ അനുവദിച്ചു കൂടാ. എല്ലാ മനുഷ്യർക്കും ഒരു തരത്തിലുമുള്ള വിവേചനം നേരിടാതെ അന്തസ്സോടെ ജീവിക്കാൻകഴിയണം. മനുഷ്യനെ വംശീയമായി വേർതിരിക്കുന്ന ഒന്നും നമ്മുടെ രാജ്യത്തിനും നാടിനും അഭികാമ്യമല്ല. മനുഷ്യവിരുദ്ധമായ എല്ലാ പ്രവർത്തനങ്ങളെയും തള്ളിക്കളയാൻ കഴിയണം.മനുഷ്യക്കൊപ്പം എന്ന സന്ദേശം കൂടുതല്‍ ശക്തമായി പറയേണ്ടതും നടപ്പിലാക്കേണ്ടതുമായ കാലമാണിത്. വേർതിരിവുകള്‍ ഇല്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുക എന്ന ആശയമാണ് ഈ പ്രമേയം മുന്നോട്ടുവെക്കുന്നത്. വൈജാത്യങ്ങളെ ഉള്‍ക്കൊള്ളുമ്ബോള്‍ മാത്രമാണ് അത് സാധ്യമാവുക. വിശ്വാസപരവും രാഷ്ട്രീയവും സാമൂഹികവുമായ വൈജാത്യങ്ങള്‍ രാജ്യത്തുണ്ട്. അത് അങ്ങനെത്തന്നെ നിലനില്‍ക്കുമ്ബോഴും അതിന്റെ പേരില്‍ കലഹിക്കാനോ ശത്രുത പുലർത്താനോ പാടില്ല.
കേരള യാത്ര ഈ സന്ദേശമാണ് മുന്നോട്ടുവെക്കുന്നത്. നന്മ നിറഞ്ഞ ജീവിതവും പരസ്പര കരുതലും സംരക്ഷണവും സ്‌നേഹവും സഹവർത്തിത്തവും ശീലമാക്കുന്ന ഒരു ആദർശ സമൂഹത്തിന്റെ നിർമ്മിതിക്കുള്ള യാത്രയാണിത്. സാധാരണ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാവിധ വർഗീയ-ഭീകരവാദ-തീവ്രവാദ പ്രവർത്തനങ്ങളെയും തള്ളിപ്പറയാനും അതിനെതിരെ ശക്തമായ പ്രചാരണങ്ങള്‍ നടത്താനും കേരളം മുസ്ലിം ജമാഅത്ത് പ്രതിജ്ഞാബദ്ധമാണ്. വ്യത്യസ്ത മത രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പുലർത്തുന്ന എല്ലാ മനുഷ്യരെയും സഹിഷ്ണുതയോടെ കാണാൻ കഴിയുമ്ബോഴാണ് നാം മനുഷ്യർക്കൊപ്പം ആണെന്ന് അഭിമാനിക്കാൻ കഴിയുന്നത്.
1999 ല്‍ മനുഷ്യമനസ്സുകളെ കോർത്തിണക്കാൻ എന്ന പ്രമേയത്തിലും 2012 ഏപ്രിലില്‍ മാനവികതയെ ഉണർത്തുന്നു എന്ന സന്ദേശത്തിലും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ യാത്രയും ആ യാത്രകള്‍ മുന്നോട്ടുവെച്ച പ്രമേയങ്ങളും കേരളീയ സമൂഹം ഗുണകരമായി ചർച്ച ചെയ്തിട്ടുണ്ട്. കേരള മുസ്ലിം ജമാഅത്തിന്റെ മാതൃ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് നൂറ്റാണ്ട് പൂർത്തിയാകുമ്ബോള്‍2026 ല്‍ സമസ്തയുടെ സമ്ബൂർണ്ണ സമ്മേളനം നടക്കും. സമ്മേളനത്തോടനുബന്ധിച്ച് വിപ്ലവകരമായ കർമ്മ പദ്ധതികളാണ് സമസ്ത മുന്നോട്ടുവെക്കുന്നത്. മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.
ജനുവരി രണ്ടിന് രാവിലെ ഒൻപതുമണിക്ക് പയ്യന്നൂരില്‍ വെച്ച് യാത്രക്ക് ജില്ലയിലേക്ക് വരവേല്‍പ് നല്‍കും.വൈകുന്നേരം നാലുമണിക്ക് കണ്ണൂർ പ്രഭാത് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന യാത്രയില്‍ പ്രത്യേക തയ്യാറാക്കി സെൻ്റിനറി ഗാർഡ് അംഗങ്ങള്‍ അണിനിരക്കും.വൈകുന്നേരം അഞ്ചുമണിക്ക് കണ്ണൂർ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം പട്ടുവം കെ പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയില്‍ മന്ത്രി കടന്നപ്പളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.യാത്രാനായകൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. ഉപനായകരായ സയ്യിദ് ഇബ്രാഹിം ഖലീല്‍ബുഖാരി,പേരോട് അബ്ദുറഹിമാൻ സഖാഫി വിഷയാവതരണം നടത്തും. കെ സുധാകരൻ എം പി,കെ കെ രാഗേഷ്,അഡ്വ അബ്ദുല്‍ കരീം ചേലേരി,കാസിം ഇരിക്കൂർതുടങ്ങിയവർ പ്രസംഗിക്കും .
വാർത്താ സമ്മേളനത്തില്‍ പി പി അബ്‌ദുല്‍ ഹഖീം സഅദി (ജനറല്‍ സെക്രട്ടറി,സമസ്‌ത ജില്ലാ മുശാവറ) എം കെ ഹാമിദ് (ജനറല്‍ കണ്‍വീനർ, കേരള യാത്ര ജില്ലാസമിതി)ഹനീഫ് പാനൂർ (ജനറല്‍ സെക്രട്ടറി, കേരളാ മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ലാ) മുഹമ്മദ് സഖാഫി ചൊക്ളി(വൈ.പ്രസി.കേരളാ മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ലാ) അബ്‌ദുറസാഖ് മാണിയൂർ (സെക്രട്ടറി,കേരളാ മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി)മുഹമ്മദ് റഫീഖ് അമാനി (പ്രസിഡണ്ട്,എസ് വൈ എസ് കണ്ണൂർ ജില്ല) പി കെ അബ്‌ദുറഹിമാൻ , റഷീദ് മാണിയൂർ ( മീഡിയാ കോർഡിനേറ്റർ) എന്നിവർ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR