ബെവ്‌കോയുടെ മദ്യത്തിന് പേരിടല്‍ മത്സരം ചട്ടലംഘനം; പരസ്യം പിൻവലിക്കണമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി
Palakkad, 31 ഡിസംബര്‍ (H.S.) പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസില്‍ നിന്ന് പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും കണ്ടെത്താനായി സർക്കാർ നടത്തുന്ന മത്സരം നിയമവിരുദ്ധമാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. പേര് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പിന്‍വ
Malabar Distillery in Palakkad


Palakkad, 31 ഡിസംബര്‍ (H.S.)

പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസില്‍ നിന്ന് പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും കണ്ടെത്താനായി സർക്കാർ നടത്തുന്ന മത്സരം നിയമവിരുദ്ധമാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി.

പേര് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പിന്‍വലിച്ച്‌ മന്ത്രി മറുപടി പറയണമെന്ന് സമിതി ആവശ്യപ്പെട്ടു.

പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്‍കി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും ബെവ്‌കോ നടത്തിയത് 'സരോഗേറ്റ് അഡ്വര്‍ടൈസ്‌മെന്റ്' ആണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പറഞ്ഞു. പരസ്യം കുട്ടികള്‍ക്ക് പോലും തെറ്റായ സന്ദേശം നല്‍കുമെന്നും മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണെന്നും നടപടി പിന്‍വലിക്കാതെ ഒരടി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും സമിതി ആരോപിച്ചു.

കഴിഞ്ഞ 10 വര്‍ഷമായി മദ്യവർജനം പറയുന്ന സര്‍ക്കാര്‍ പുതുവര്‍ഷം കൊഴുപ്പിക്കാന്‍ ബാറുകളുടെ സമയം വര്‍ധിപ്പിച്ചതും അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നതും തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യംവെച്ചാണ്. മാരക ലഹരികളുടെയും മദ്യത്തിന്റെയും ദുരിതവും ദുരന്തവും പേറുന്ന അമ്മ സഹോദരിമാരുടെ ക്ഷമയെ പരീക്ഷിക്കുകയാണ് സര്‍ക്കാര്‍ എന്നും കെസിബിസി മദ്യവിരുദ്ധ സമിതി പറഞ്ഞു.

ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കുമെന്നായിരുന്നു ബെവ്‌കോയുടെ പ്രഖ്യാപനം. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ബ്രാന്‍ഡിക്ക് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരമാണ് ബെവ്‌കോ പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നത്. ജനുവരി ഏഴിനകം malabardistilleries@gmail.com എന്ന ഇമെയിലിലേക്ക് പേരും ലോഗോയും അയക്കാനാണ് ബെവ്‌കോ എംഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ലഹരി വിരുദ്ധത പറയുന്ന സർക്കാർ തന്നെ മദ്യത്തിന് പേര് കണ്ടെത്താൻ മത്സരം നടത്തുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. ഈ നടപടിയില്‍ നിന്ന് പിന്നോട്ട് പോകുന്നത് വരെ പ്രതിഷേധം തുടരും. - കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

1965-ൽ പ്രവർത്തനം തുടങ്ങിയ ചിറ്റൂർ ഷുഗർ ഫാക്ടറിയുടെ പ്രധാന വരുമാനമാർഗമായിരുന്നു ചാരായ ഉത്പാദനം. 1996-ൽ സംസ്ഥാനത്ത് ചാരായ നിരോധനം ഏർപ്പെടുത്തിയതോടെ ഫാക്ടറിയുടെ പ്രസക്തിയും ഇല്ലാതായി. പഞ്ചസാരയും മൊളാസസും ഉത്പാദിപ്പിച്ച് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കടക്കെണിയിലായതാണ് മിച്ചം. ഒടുവിൽ 2002-ൽ സ്ഥാപനം പൂട്ടി. 117 ഏക്കർ സ്ഥലവും കെട്ടിടവും യന്ത്രസാമഗ്രികളുമാണ് ഫാക്ടറിയുടെ സ്വത്ത്.

ഏറെക്കാലം അനക്കമില്ലാതിരുന്നെങ്കിലും പകരം ഒരു സ്ഥാപനമെന്ന പ്രതീക്ഷ നൽകി 2009-ലാണ് ഇവിടെ മലബാർ ഡിസ്റ്റലറീസ് സ്ഥാപിച്ചത്. സഹകരണവകുപ്പിൽനിന്ന് എക്ൈസസ് വകുപ്പ് ഫാക്ടറി ഏറ്റെടുത്തായിരുന്നു മലബാർ ഡിസ്റ്റലറീസ് എന്നപേരിൽ കമ്പനി രൂപവത്കരിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News