Enter your Email Address to subscribe to our newsletters

Kochi, 31 ഡിസംബര്‍ (H.S.)
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് നാഗ്പൂരില്‍ ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്രാ പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ ബജ്‌റങ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് സിഎസ്‌ഐ ദക്ഷിണ കേരള രൂപതയായ നാഗ്പൂര്‍ മിഷന്റെ വൈദികനായ ഫാദര്‍ സുധീര്‍, ഭാര്യ ശ്രീമതി ജാസ്മിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും സമത്വത്തിനും നേരെയുള്ള ഗുരുതരമായ വെല്ലുവിളിയാണിത്.
രാജ്യത്തെ ഓരോ പൗരനും ഭയമില്ലാതെ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കണം. ബിജെപി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് ക്രൈസ്തവ സമൂഹത്തിന് എതിരെ നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണിത്. വര്‍ഗീയ ഫാസിസ്റ്റുകളുടെ വിദ്വേഷ രാഷ്ട്രീയം മതേതര ഇന്ത്യയുടെ ആത്മാവിനെയാണ് മുറിവേല്‍പ്പിക്കുന്നത്. പോലീസ് നടപടിയിലെ നിയമവിരുദ്ധതയും വൈദികന്റെ നിരപരാധിത്വവും ബോധ്യപ്പെട്ടതിനാലാണ് അറസ്റ്റിലായ എല്ലാവര്‍ക്കും കോടതി ജാമ്യം നല്‍കിയതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതസ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ആശങ്കവര്‍ധിപ്പിക്കുന്നതാണ്. സമാധാനപരമായി പ്രാര്‍ത്ഥന നടത്തുന്ന വിശ്വാസികളെ അറസ്റ്റ് ചെയ്ത നടപടി ഒരു ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ല. സങ്കുചിത രാഷ്ട്രീയ ചിന്താഗതികള്‍ക്ക് അടിമപ്പെട്ട് പ്രവര്‍ത്തിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടി അപലപനീയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
പുരോഹിതനും ഭാര്യയും ഉള്‍പ്പെടെയാണ് 12 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്രിസ്മസ് പ്രാർത്ഥനാ യോഗം നടന്ന വീടിൻ്റെ ഉടമസ്ഥനും ഭാര്യയ്ക്കും എതിരെയും കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ പുരോഹിതനെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ നാല് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ അറസ്റ്റ് പുരോഹിതൻ, ഭാര്യ, പ്രദേശത്തുള്ള വിശ്വാസികളായ നാല് പേർ, വീട്ടുടമ, ഭാര്യ, പോലീസ് സ്റ്റേഷനില്‍ പുരോഹിതനെയും പിടിയിലായവരേയും അന്വേഷിച്ചെത്തിയ നാല് പേർ എന്നിവരെയാണ് പൊലീസ് പ്രതിചേർത്തിരിക്കുന്നത്.
സിഎസ്ഐ വൈദികൻ്റെ അറസ്റ്റ് സംഭവിക്കാൻ പാടില്ലാത്തത് എന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. ക്രിസ്തീയ വിശ്വാസങ്ങൾക്കും വൈദികർക്കും എതിരായി നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുന്നു. ഒരു മതവും മറ്റൊരു മതത്തെ നിഗ്രഹിക്കരുതെന്നും, അതിൽ ആശങ്കയുണ്ടെന്നും ബാവ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR