വെള്ളാപ്പള്ളി നടേശൻ എതിരെ വി ടി ബൽറാം
Kochi, 31 ഡിസംബര്‍ (H.S.) എസ്‌എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ചോദ്യം ചെയ്യപ്പെടുന്നു. പത്ത് വര്‍ഷത്തോളമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്
V T Balram


Kochi, 31 ഡിസംബര്‍ (H.S.)

എസ്‌എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ചോദ്യം ചെയ്യപ്പെടുന്നു.

പത്ത് വര്‍ഷത്തോളമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. വെള്ളാപ്പള്ളിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അടുത്ത സൗഹൃദം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ഇക്കാര്യം ഉന്നയിച്ചു.

വെള്ളാപ്പള്ളി വിഭാഗീയത പടര്‍ത്താന്‍ ശ്രമിക്കുന്നു എന്നാണ് മുസ്ലിം ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പറയുന്നത്. മലപ്പുറം വിരുദ്ധ പ്രസ്താവന സംബന്ധിച്ച്‌ ഇന്ന് വെള്ളാപ്പള്ളിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മൈക്ക് തട്ടിമാറ്റി പോകുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് വിഷയം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായത്.വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:

''വെള്ളാപ്പള്ളി പിന്തുണക്കുന്ന, വെള്ളാപ്പള്ളിയെ പിന്തുണക്കുന്ന സര്‍ക്കാരാണ് കഴിഞ്ഞ ഒമ്ബതര വര്‍ഷമായി കേരളത്തില്‍ അധികാരത്തിലുള്ളത്. വെള്ളാപ്പള്ളിയുടെ ഒക്കച്ചങ്ങാതിയായ, വെള്ളാപ്പള്ളിയെ കാറില്‍ക്കേറ്റി നടക്കുന്ന മുഖ്യമന്ത്രിയാണ് കഴിഞ്ഞ ഒമ്ബതര വര്‍ഷമായി കേരളത്തില്‍ അധികാരക്കസേരയിലുള്ളത്.

എന്നിട്ടും അദ്ദേഹത്തിന്റെയോ അദ്ദേഹത്തിന്റെ സംഘടനയുടേയോ ന്യായമായ ഏതെങ്കിലും ആവശ്യങ്ങള്‍ ഇക്കാലയളവിനുള്ളില്‍ പരിഗണിക്കപ്പെട്ടിട്ടില്ല എങ്കില്‍ അതിനെക്കുറിച്ച്‌ നിലപാട് വ്യക്തമാക്കേണ്ടത് സര്‍ക്കാരും സിപിഎമ്മും മുഖ്യമന്ത്രിയും തന്നെയാണ്.കേരളത്തില്‍ വിവിധ സമുദായങ്ങള്‍ക്കും സാമൂഹ്യ വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള എയ്ഡഡ് സ്ഥാപനങ്ങളുടെ വിശദമായ പട്ടിക പുറത്തുവിടണം.

ഇക്കാര്യത്തില്‍ ജില്ല തിരിച്ചുള്ള പട്ടികയും പുറത്തുവരണം. ഏതെങ്കിലും വിഭാഗങ്ങള്‍ക്കോ പ്രദേശങ്ങള്‍ക്കോ ജനസംഖ്യാനുപാതികമായി സ്ഥാപനങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍ അക്കാര്യം പ്രത്യേകം പരിഗണിച്ച്‌ പരിഹാരമുണ്ടാക്കണം.

ചുരുക്കത്തില്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ സാമൂഹിക നീതിയും പ്രദേശിക സന്തുലനവും ഉറപ്പുവരുത്തണം.പിന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് വാങ്ങിയെടുക്കുന്നത് ഏതെങ്കിലും പ്രദേശത്തിന്റേയോ ഏതെങ്കിലും ജനവിഭാഗങ്ങളുടേയോ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഹരിക്കാനും സാമൂഹിക ഉന്നമനം ഉറപ്പുവരുത്താനുമാണെന്നും കോഴ വാങ്ങി നിയമനം നടത്താനല്ലെന്നും മാനേജ്‌മെന്റുകളും സംഘടനകളും മനസ്സിലാക്കണം.നിയമനങ്ങളിലും പ്രവേശനങ്ങളിലും സുതാര്യതയും മെറിറ്റും നീതിയുമാകണം മാനദണ്ഡം, പണക്കൊഴുപ്പും സ്വാധീനവുമാകരുത്.

നിലവില്‍ വെള്ളാപ്പള്ളിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ഇക്കാര്യത്തില്‍ മാതൃക കാട്ടാനായാല്‍ അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്കൊപ്പവും നില്‍ക്കാന്‍ ജാതി,മത,രാഷ്ട്രീയ ഭേദമന്യേ കേരളീയര്‍ കൂടെയുണ്ടാവും.''

സിപിഐഎമ്മിനെ വെള്ളാപ്പള്ളി പരസ്യമായി പിന്തുണയ്ക്കുമ്പോഴും സിപിഐക്കെതിരെ വലിയ വിമർശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. വെള്ളാപ്പള്ളിയുടെ നയമല്ല എൽഡിഎഫ് നയം എന്ന ബിനോയ് വിശ്വത്തിന്റെ പ്രതികരണം സിപിഐഎമ്മിന് വെള്ളാപ്പള്ളിയെ പിന്തുണയ്ക്കാനോ തള്ളിപ്പറയാനോ ആകാത്ത അവസ്ഥ സംജാതമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News