ജനങ്ങള്‍ എൽഡ‍ിഎഫിൽ നിന്ന് അകന്നു, പാഠം പഠിച്ച് തിരുത്തണം'; വിമർശിച്ച് ബിനോയ് വിശ്വം
Trivandrum , 31 ഡിസംബര്‍ (H.S.) ''തിരുവനന്തപുരം: ജനങ്ങള്‍ എൽഡിഎഫിൽ നിന്ന് അകന്നുവെന്നും എന്നാൽ, അടിത്തറ തകര്‍ന്നിട്ടില്ലെന്നും തിരിച്ചടിയിൽ പാഠം പഠിച്ച് തിരുത്തി മുന്നോട്ടുപോകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സർക്കാരിന്‍റെ നേട്ടങ
ജനങ്ങള്‍ എൽഡ‍ിഎഫിൽ നിന്ന് അകന്നു, പാഠം പഠിച്ച് തിരുത്തണം'; വിമർശിച്ച്  ബിനോയ് വിശ്വം


Trivandrum , 31 ഡിസംബര്‍ (H.S.)

'തിരുവനന്തപുരം: ജനങ്ങള്‍ എൽഡിഎഫിൽ നിന്ന് അകന്നുവെന്നും എന്നാൽ, അടിത്തറ തകര്‍ന്നിട്ടില്ലെന്നും തിരിച്ചടിയിൽ പാഠം പഠിച്ച് തിരുത്തി മുന്നോട്ടുപോകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനായില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് വിധിയുടെ പാഠങ്ങൾ ഇടതുപക്ഷത്തിന് നിർണായകമാണെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തിൽ തുറന്നുപറഞ്ഞു.

ജനവിഭാഗങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നതിന്‍റെ കാരണം കണ്ടെത്തണം. തിരുത്തൽ വരുത്താൻ എൽഡിഎഫിന് കഴിയണം. ജനങ്ങളുമായി സത്യസന്ധമായ ആശയ വിനിമയമാണ് മാർഗം. ജനങ്ങൾ തന്നെയാണ് വലിയവൻ. ഈ തിരിച്ചറിവോടെ ഇടതുപക്ഷം മുന്നോട്ട് പോകണമെന്നും സി പി ഐ യോഗങ്ങളിൽ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനമുണ്ടായെന്നും ബിനോയ് വിശ്വം തുറന്നുപറഞ്ഞു. ഒരു വിമര്‍ശനവും എൽഡിഎഫിനെ ദുര്‍ബലപ്പെടുത്താനല്ലെന്നും മാധ്യമങ്ങളിൽ വന്ന കഥകൾ കേവലം കഥകൾ മാത്രമാണെന്നും എൽഡിഎഫ് ശക്തിപ്പെടണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമാണ്. തോൽവിയോടെ എല്ലാം തീർന്നുവെന്ന് കരുതുന്നില്ല. എൽഡിഎഫും പാർട്ടിയും തെറ്റുകള്‍ തിരുത്തും. മൂന്നാം ഊഴം ഉറപ്പാണെന്നും വീടുകൾ സന്ദർശിച്ച് ജനങ്ങളുടെ അഭിപ്രായം മനസിലാക്കുമെന്നും ഭവന സന്ദർശനം തെറ്റുതിരുത്തൽ പ്രകിയയുടെ ഭാഗമാണെന്നും ബനോയ് വിശ്വം പറഞ്ഞു.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തോല്‍വിക്ക് കാരണം ഭരണ വിരുദ്ധ വികാരം തന്നെയെന്ന് സിപിഐ റിപ്പോര്‍ട്ട്. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മ, ശബരിമല സ്വര്‍ണക്കൊള്ള, ന്യൂന പക്ഷത്തെ പ്രകോപിപ്പിച്ച് നടത്തിയ പ്രസ്താവനകള്‍ എന്നിവ പരാജയ കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വോട്ട് ചെയ്യുമെന്ന് കരുതിയ വിവിധ വിഭാഗം ജനങ്ങള്‍ നമുക്ക് വോട്ട് ചെയ്തില്ല. മാത്രമല്ല എതിരായി വോട്ട് ചെയ്തതായിട്ടാണ് തിരഞ്ഞെടുപ്പ് ഫലം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മ, ശബരിമല വിഷയം, ന്യൂനപക്ഷ ഏകീകരണം, ന്യൂനപക്ഷത്തെ പ്രകോപിപ്പിച്ച് നടത്തിയ പ്രസ്താവനകള്‍ എന്നിവ പരാജയ കാരണമായി. റിപ്പോർട്ട് വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വിയില്‍ മുഖ്യമന്ത്രിയേയും സിപിഐഎം നേതൃത്വത്തെയും പ്രതി കൂട്ടിലാക്കുന്ന വിമര്‍ശനമാണ് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നടന്നതെന്ന് ഇന്നലെ തന്നെ പുറത്ത് വന്നിരുന്നു. ജില്ലാ സെക്രട്ടറിമാരായിരുന്നു പ്രധാന വിമര്‍ശകര്‍. സര്‍ക്കാരിലും മുന്നണിയിലും സിപിഐഎമ്മിന്റെ ഏകാധിപത്യമാണ് നടക്കുന്നത്. എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. നയപരമായ വിഷയങ്ങളില്‍ പോലും സര്‍ക്കാരിലോ മുന്നണിയിലോ ചര്‍ച്ചയില്ല.

സമൂഹ മാധ്യമങ്ങളില്‍ മുഴുവന്‍ മുഖ്യമന്ത്രിക്കും ഭരണത്തിനും എതിരായ വിമര്‍ശനങ്ങളാണ്. ഇതിനെ പ്രതിരോധിക്കാന്‍ ആകുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഭരണനേതൃത്വത്തിന്റെ പ്രസ്താവനകളാണ് ന്യൂനപക്ഷത്തെ അകറ്റിയതെന്നും വിമര്‍ശനമുണ്ട്. മുസ്ലീം ന്യൂനപക്ഷത്തെ ഇടതുപക്ഷത്ത് നിന്ന് അകറ്റുക യുഡിഎഫ് അജണ്ടയായിരുന്നു. ഈ അജണ്ട എളുപ്പത്തില്‍ നടപ്പിലാകാന്‍ ഭരണനേതൃത്വത്തിന്റെ പ്രസ്താവന കാരണമായി.

മുഖ്യമന്ത്രിയുടെ പല നടപടികളും യു ഡി എഫിന്റെ ജോലി എളുപ്പമാക്കിയെന്നും നേതാക്കള്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രിക്ക് തെറ്റുപറ്റിയാല്‍ തെറ്റാണെന്ന് പറയാന്‍ ആളില്ല എന്നതാണ് സ്ഥിതി. അത് മുഖ്യമന്ത്രിയുടെ മാത്രം തെറ്റല്ലെന്നും കൗണ്‍സില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു.

---------------

Hindusthan Samachar / Roshith K


Latest News