Enter your Email Address to subscribe to our newsletters

Kochi, 31 ഡിസംബര്‍ (H.S.)
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വായ്പാതട്ടിപ്പില്‍ പിവി അന്‍വര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇന്ന് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് അന്‍വറിനോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് അന്‍വര്‍ കേന്ദ്ര ഏജന്‍സിയെ അറിയിച്ചു. മറ്റൊരു ദിവസത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
ഇഡി ഈ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. ജനുവരി 7 ന് ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കെഎഫ്‌സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വായ്പ ദുരുപയോഗം നടത്തി എന്ന കേസിലാണ് അന്‍വറിന് എതിരെ ഇഡി അന്വേഷണം നടക്കുന്നത്. അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ ഇതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
അന്‍വറിന്റെ ഡ്രൈവറിന്റെയും ബന്ധുക്കളുടെയും പേരുകളിലുള്ള സ്ഥാപനങ്ങള്‍ക്കാണ് കെഎഫ്‌സിയില്‍ നിന്ന് പന്ത്രണ്ട് കോടി രൂപ രൂപ വായ്പ അനുവദിച്ചത്. ഒരേ വസ്തു തന്നെയാണ് പല വായ്പകള്‍ക്കും ഈട് വച്ചിരിക്കുന്നത്. ഈ വായ്പകളില്‍ നിന്ന് ലഭിച്ച പണം പിവിആര്‍ ടൗണ്‍ഷിപ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്നും പരിശോധനയില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്‍വറിന്റെ ബിനാമികളെയടക്കം കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ബിനാമികളില്‍ ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്‍വറിന് സമന്‍സയച്ചത്.
നവംബര്‍ 21നാണ് അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്. മലപ്പുറം ഒതായിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഡ്രൈവര്‍ സിയാദ് ഉള്‍പ്പെടെ പി വി അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് പരിശോധന നടത്തുന്നത്. വലിയ പൊലീസ് സുരക്ഷയിലായിരുന്നു പരിശോധന.
കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും അന്‍വര്‍ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഈ രേഖകള്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്ത് അന്വേഷണം നടത്തുന്നത്. 2015 ലായിരുന്നു അന്‍വര്‍ കെഎഫ്സിയില്‍ നിന്നും 12 കോടി വായ്പ എടുത്തത്. ഇത് തിരിച്ചടച്ചില്ലെന്നാണ് പരാതി. പലിശയടക്കം 22 കോടി രൂപ തിരികെ അടക്കാനുണ്ടെന്നാണ് വിവരം. ഇത് കെഎഫ്സിക്ക് വന്‍ നഷ്ടം വരുത്തിയെന്നാണ് പരാതി.
---------------
Hindusthan Samachar / Sreejith S