Enter your Email Address to subscribe to our newsletters

Kerala, 31 ഡിസംബര്‍ (H.S.)
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബിഎൻപി (BNP) അധ്യക്ഷയുമായിരുന്ന ബീഗം ഖാലിദ സിയയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ധാക്കയിലെത്തി. ബുധനാഴ്ച രാവിലെ ധാക്കയിലെത്തിയ അദ്ദേഹം, ഖാലിദ സിയയുടെ മകനും ബിഎൻപി ആക്ടിങ് ചെയർമാനുമായ താരിഖ് റഹ്മാനെ നേരിൽ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന സന്ദേശം കൈമാറി.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ചയാണ് ഖാലിദ സിയ അന്തരിച്ചത്. ഖാലിദ സിയയുടെ സംസ്കാര ചടങ്ങുകളിൽ ഭാരത സർക്കാരിനെയും ജനങ്ങളെയും പ്രതിനിധീകരിച്ചാണ് വിദേശകാര്യ മന്ത്രി പങ്കെടുത്തത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഖാലിദ സിയ വഹിച്ച പങ്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന നിലയിൽ അവരുടെ സംഭാവനകൾ ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം കുറിച്ചു. 2015-ൽ താൻ ധാക്ക സന്ദർശിച്ചപ്പോൾ ഖാലിദ സിയയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും മോദി തന്റെ സന്ദേശത്തിൽ ഓർമ്മിച്ചു.
താരിഖ് റഹ്മാനുമായുള്ള കൂടിക്കാഴ്ചയിൽ, ഖാലിദ സിയയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ ഭാരതം പങ്കുചേരുന്നതായി ജയശങ്കർ അറിയിച്ചു. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും അയൽരാജ്യവുമായുള്ള ബന്ധത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യമാണ് ഈ സന്ദർശനത്തിലൂടെ വ്യക്തമാകുന്നത്. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ബംഗ്ലാദേശിൽ അധികാരമാറ്റത്തിനുള്ള സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ബിഎൻപി നേതൃത്വവുമായുള്ള ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകർ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.
ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 80-കാരിയായ ഖാലിദ സിയ അന്തരിച്ചത്. നീണ്ട പതിനേഴ് വർഷത്തെ പ്രവാസത്തിന് ശേഷം അടുത്തിടെ ബംഗ്ലാദേശിൽ തിരിച്ചെത്തിയ താരിഖ് റഹ്മാനാണ് ഇപ്പോൾ പാർട്ടിയെ നയിക്കുന്നത്. ഖാലിദ സിയയുടെ വിയോഗത്തിൽ നേപ്പാൾ ഉൾപ്പെടെയുള്ള മറ്റ് അയൽരാജ്യങ്ങളിലെ നേതാക്കളും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്കാര ചടങ്ങുകൾക്ക് ശേഷം ജയശങ്കർ ദൽഹിയിലേക്ക് മടങ്ങും.
നിലവിൽ കടുത്ത നയതന്ത്ര പ്രതിസന്ധിയിലാണ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധം . ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും ധാക്കയിൽ വിസ സേവനങ്ങൾ നിർത്തിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ വഷളാക്കി. ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയെ ധാക്ക അടിയന്തരമായി തിരിച്ചുവിളിച്ചതും, ഇന്ത്യയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യവും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നു. വ്യാപാര നിയന്ത്രണങ്ങളും ട്രെയിൻ-ബസ് സർവീസുകളുടെ സസ്പെൻഷനും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെയും നിലവിൽ ബാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലയിലെ സുരക്ഷാ ആശങ്കകൾ വർദ്ധിച്ചുവരികയാണ്.
---------------
Hindusthan Samachar / Roshith K