ശബരിമല സ്വര്‍ണക്കൊള്ളയില്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി; ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൊണ്ട് നടന്നത് കുരുക്കായി
Thiruvanathapuram, 31 ഡിസംബര്‍ (H.S.) ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യും. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ തേടിയാണ് അടൂര്‍ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തുക. സോ
adoor prakash


Thiruvanathapuram, 31 ഡിസംബര്‍ (H.S.)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യും. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ തേടിയാണ് അടൂര്‍ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തുക. സോണിയാ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ചിത്രത്തില്‍ അടൂര്‍ പ്രകാശും ഉണ്ടായിരുന്നു. പോറ്റിയെ സോണിയയുടെ അടുത്ത് എത്തിച്ചത് അടൂര്‍ പ്രകാശ് ആണെന്നും വിവരമുണ്ട്. ഇതില്‍ വ്യക്ത തേടിയാണ് എസ്‌ഐടി ചോദ്യം ചെയ്യല്‍.

ഇന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നുണ്ട്. അതില്‍ അടൂര്‍ പ്രകാശുമായുള്ള ബന്ധത്തെ കുറിച്ച് വിവരങ്ങള്‍ തേടാനാണ് എസ്‌ഐടിയുടെ നീക്കം. അതിന് ശേഷമാകും അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുക. പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ച് വ്യക്തമായ മറുപടി ഇതുവരെ അടൂര്‍ പ്രകാശ് നല്‍കിയിട്ടില്ല. മണ്ഡലത്തിലുള്ള സമാഹ്യപ്രവര്‍ത്തനം നടത്തുന്ന ആള്‍ എന്ന നിലയിലാണ് പോറ്റിയുമായുള്ള പരിചയം എന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. കാട്ടുകള്ളനാണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍ അടുപ്പിക്കില്ലായിരുന്നു എന്നും പറഞ്ഞ് മാധ്യമങ്ങളില്‍ നിന്ന് ഒഴിയുകയായിരുന്നു.

എന്നാല്‍ ഇതില്‍ തീരുന്നതല്ല വിവാദങ്ങള്‍. സോണിയ ഗാന്ധിയെ പോലെ അതീവ സുരക്ഷയില്‍ ജീവിക്കുന്ന നേതാവിന്റെ അടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത് ആര് എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ഇക്കാര്യം പരസ്യമായി ഉന്നയിക്കകയും ചെയ്തു. വ്യക്തതയില്ലാത്ത മറുപടികളാണ് അടൂര്‍ പ്രകാശ് ഇതിന് നല്‍കിയത്. എന്നാല്‍ എസ്‌ഐടി ചോദ്യം ചെയ്യലില്‍ അടൂര്‍ പ്രകാശിന് വ്യക്തമായി തന്നെ പോറ്റിയെ പറ്റി പറയേണ്ടി വരും.

കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തതിനെ തുടര്‍ന്ന സിപിഎമ്മിന് ആശ്വാസമാകുന്നതാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാനുള്ള നീക്കം. ഇന്നലെയാണ് സിപിഎം നേതാവും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. അതീവ രഹസ്യമായാണ് മുന്‍ മന്ത്രിയുടെ ചോദ്യം ചെയ്യല്‍. ശനിയാഴ്ച നടന്ന ചോദ്യം ചെയ്യല്‍ ഇന്നലെയാണ് പുറത്തറിഞ്ഞത്. കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി എന്ന നിലയിലാണു ചോദ്യം ചെയ്തത്. കടകംപള്ളിയെ കൂടാതെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്തു.

സിപിഎമ്മിനെ ആകെ പ്രതിരോധത്തിലാക്കുന്ന തരത്തിലേക്കാണ് ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം മുന്നോട്ടു പോകുന്നത്. എസ്ഐടി ഇതുവരെ ഈ കേസില്‍ ചോദ്യം ചെയ്ത ഉന്നതരെല്ലാം അറസ്റ്റിലായിട്ടുണ്ട്. എ പത്മകുമാര്‍, എന്‍ വാസു, ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ ബോര്‍ഡ് അംഗമായ വിജയകുമാറിന്റെ കാര്യത്തില്‍ വരെ അതാണ് നടന്നത്. അതാണ് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത്.

ചോദ്യം ചെയ്യല്‍ നടന്നതായി കടകംപള്ളി സുരേന്ദ്രനും സമ്മതിച്ചു. 2019ലെ മന്ത്രി എന്ന നിലയില്‍ അന്വേഷണസംഘം വിവരങ്ങള്‍ ചോദിച്ചു. അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു. ഇതില്‍ പ്രതികരണം അവസാനിപ്പിക്കുകയാണ് കടകംപള്ളി സുരേന്ദ്രന്‍ ചെയ്തത്.

---------------

Hindusthan Samachar / Sreejith S


Latest News