Enter your Email Address to subscribe to our newsletters

Thiruvanathapuram, 31 ഡിസംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടിയില്‍ സിപിഎമ്മുമായി ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍,. അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം ഫ്രാക്ഷനില്‍ ഉള്‍പ്പെട്ടവരെ എസ്.ഐ.ടിയില്‍ നിയോഗിച്ചതെന്നും സതീശന്‍ ചോദിച്ചു.
ഹൈക്കോടതിയുടെ മുന്നില്‍ വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. ഈ പേരുകള്‍ വന്നതിന് പിന്നില്‍ സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സി.പി.എമ്മിനു വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്. ക്രമസമാധാന ചുമതലയില്‍ ഇരുന്നപ്പോള്‍ ഇതേ ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇരുന്ന് സി.പി.എമ്മിനു വേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നത്.
മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ എസ്.ഐ.ടിയെ സ്വാധീനിക്കാള്‍ ശ്രമിക്കുന്നെന്ന് കഴിഞ്ഞ ദിവസം ഞാന്‍ ആരോപണം ഉന്നയിച്ചിരുന്നു. അവരുടെ ഇടപെടലും എസ്.ഐ.ടിയെ നിര്‍വീര്യമാക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള ഈ നീക്കത്തിന് പിന്നിലുണ്ട്. എസ്.ഐ.ടിയുടെ നീക്കങ്ങള്‍ സര്‍ക്കാരിലേക്ക് ചോര്‍ത്തുകയും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യം. ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നീക്കത്തിന് പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നു. ഹൈക്കോടതിയുടെ ഇടപെടല്‍ പോലും അട്ടമറിക്കാനാണ് ഇവരുടെ നീക്കം. ഇക്കാര്യത്തില്‍ ബഹു. ഹൈക്കോടതി അടിയന്തിര പരിശോധനയും ഇടപെടലും നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. അന്വേഷണ സംഘത്തില്‍ 2 സിഐമാരെ കൂടി ഉള്‍പ്പെടുത്താനാണ് കോടതി തീരുമാനം. എസ്‌ഐടിയുടെ ആവശ്യം അംഗീകരിച്ച് കേരള ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് നടപടിയെടുത്തത്.
അടിയന്തിര ആവശ്യമായി ഇക്കാര്യം പരിഗണിക്കണമെന്നും ഉദ്യോഗസ്ഥരെ ഉടനടി അനുവദിക്കണമെന്നുമാണ് എസ്‌ഐടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട ചില വിമര്‍ശനങ്ങള്‍ കോടതിയുടെ ഭാഗത്ത് നിന്ന് നേരത്തെ ഉണ്ടായിരുന്നു. അന്വേഷണത്തില്‍ സ്തംഭനാവസ്ഥ ഉണ്ട് എന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതുകൂടാതെ ജനുവരിയില്‍ കോടതി നല്‍കിയിട്ടുള്ള സമയപരിധി അവസാനിക്കാനിരിക്കുകയാണ്. അതേസമയം അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് എത്രയും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വേണ്ടി കൂടുതല്‍ ഉദ്യോഗസ്ഥരെ എസ്‌ഐടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S