നഗരസഭ ആവശ്യപ്പെട്ടാല്‍ ഇലക്ട്രിക് ബസുകള്‍ തിരികെ നല്‍കാം; മേയര്‍ കത്ത് നല്‍കിയാല്‍ മതി; മന്ത്രി ഗണേഷ് കുമാര്‍
Thiruvanathapuram, 31 ഡിസംബര്‍ (H.S.) തിരുവനന്തപുരം സിറ്റി ബസ് വിവാദത്തില്‍ മേയര്‍ വി.വി. രാജേഷിന് മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇലക്ട്രിക് ബസുകള്‍ കോര്‍പ്പറേഷന്റേത് അല്ലെന്നും 60 ശതമാനം സംസ്ഥാനത്തിന്റേത് ആണെന്നും മന്ത്രി പറഞ്ഞു. ഇലക്
K B Ganesh Kumar


Thiruvanathapuram, 31 ഡിസംബര്‍ (H.S.)

തിരുവനന്തപുരം സിറ്റി ബസ് വിവാദത്തില്‍ മേയര്‍ വി.വി. രാജേഷിന് മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇലക്ട്രിക് ബസുകള്‍ കോര്‍പ്പറേഷന്റേത് അല്ലെന്നും 60 ശതമാനം സംസ്ഥാനത്തിന്റേത് ആണെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക് ബസുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് കെഎസ്ആര്‍ടിസിയാണ്. വേണമെങ്കില്‍ 113 ബസുകള്‍ കോര്‍പ്പറേഷന് തിരിച്ചുനല്‍കാമെന്നും മന്ത്രി പറഞ്ഞു.

നെടുമങ്ങാട്, ആറ്റിങ്ങല്‍, പോത്തന്‍കോട്, നെയ്യാറ്റിന്‍കര തുടങ്ങിയിടങ്ങളില്‍ താമസിക്കുന്നവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാന്‍ പറ്റില്ലെന്നും വണ്ടിയില്‍ കയറ്റാന്‍ പറ്റില്ലെന്നും പറയാന്‍ കേരള സര്‍ക്കാരിന് കഴിയില്ല. അങ്ങനെ പറയില്ല- മന്ത്രി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട മേയര്‍ വി.വി. രാജേഷ് സംസാരിക്കുകയോ കത്ത് നല്‍കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കെഎസ്ആര്‍ടിസിക്കു നല്‍കിയ ഇലക്ട്രിക് ബസുകള്‍ നഗരത്തില്‍ ഓടിയാല്‍ മതിയെന്ന നിലപാടിലാണ് കോര്‍പ്പറേഷന്‍ ഭരണസമിതി. 113 ഇലക്ട്രിക് ബസുകളാണ് കെഎസ്ആര്‍ടിസിക്കു നല്‍കിയത്. ഇതേച്ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കമുടലെടുത്തിരിക്കുന്നത്.

ബസുകള്‍ തങ്ങള്‍ക്ക് വേണം എന്ന് എഴുതിത്തന്നാല്‍ 24 മണിക്കൂറിനുള്ളില്‍ 113 വണ്ടികളും കോര്‍പ്പറേഷന് തിരിച്ചുകൊടുത്തേക്കാം എന്ന് മന്ത്രി പറഞ്ഞു. ബസുകള്‍ അവര്‍ക്കിഷ്ടമുള്ള സ്ഥലത്ത് ഇടാം. കെഎസ്ആര്‍ടിസിയുടെ ഡിപ്പോയില്‍ ഇടാന്‍ പറ്റില്ല. കോര്‍പ്പറേഷന് തിരികെ നല്‍കുന്ന 113 ബസിന് പകരം 150 ബസുകള്‍ പുറത്തുനിന്ന് കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു.

ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയണ്ട. തിരുവനന്തപുരത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല. സിഎംഡിക്ക് കോര്‍പ്പറേഷന്‍ കത്തു നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ അവര്‍ പറഞ്ഞ സ്ഥലത്ത് വണ്ടി എത്തിച്ചു കൊടുക്കും. 113 വണ്ടിക്ക് പകരം 150 വണ്ടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. 150 വണ്ടിയും സിറ്റിയില്‍ ഓടിയിരിക്കും. അത് സിറ്റിക്ക് പുറത്തും ഓടിക്കും- മന്ത്രി പറഞ്ഞു.

നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസുകളിലെ കണ്ടക്ടര്‍, ഡ്രൈവര്‍, ടിക്കറ്റ് മെഷീന്‍, വര്‍ക്ക് ഷോപ്പ് സംവിധാനങ്ങള്‍ അടക്കം തങ്ങളുടേതാണ്. കഴിവുണ്ടെങ്കില്‍ കോര്‍പ്പറേഷന്‍ ഇതെല്ലാം നടത്തട്ടെ എന്നും മന്ത്രി പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി ഇ-ബസുകള്‍ തലസ്ഥാനത്തിന് പുറത്തേക്ക് അനുവദിക്കില്ലെന്ന് മേയര്‍ വി.വി.രാജേഷ് വ്യക്തമാക്കിയതോടെയാണ് വിഷയം വീണ്ടും സജീവമാകുന്നത്. എന്നാല്‍ തലസ്ഥാനത്തേക്കുള്ള യാത്രക്കാരെ കൊണ്ടുവരാനാണ് ബസ് ഓടിക്കുന്നതെന്നും നഷ്ടത്തില്‍ ഓടിക്കാനാവില്ലെന്നുമാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്.

മേയറായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്മാര്‍ട്ട്‌സിറ്റിക്കായി കോര്‍പറേഷന്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയ 113 ഇലക്ട്രിക് ബസുകള്‍ നഗരത്തില്‍ തന്നെ സര്‍വീസ് നടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് മേയര്‍ വ്യക്തമാക്കിയത്. സിറ്റിയില്‍ ഇ-ബസ് സര്‍വീസ് നടത്തുകയും തുച്ഛമായ നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും കെഎസ്ആര്‍ടിസിക്ക് കോര്‍പറേഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ കരാര്‍ മറികടന്ന് കെഎസ്ആര്‍ടിസി മറ്റ് സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുകയായിരുന്നു. ലാഭകരമായത് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആര്‍ടിസി സര്‍വീസ് തുടര്‍ന്ന് പോരുന്നത്. എന്നാല്‍ നഗരത്തിലെ മലിനീകരണം കുറയ്ക്കുന്നതിനാണ് ഇ-ബസ് ഓടിക്കുന്നതെന്നും അതാണ് പദ്ധതിയുടെ ലക്ഷ്യമെന്നുമാണ് കോര്‍പറേഷന്റെ വാദം.

---------------

Hindusthan Samachar / Sreejith S


Latest News