Enter your Email Address to subscribe to our newsletters

Trivandrum , 31 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്. ഇലക്ട്രിക് ബസ് സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നതാണ് ആവശ്യമെന്നും റൂട്ട് നിശ്ചയിക്കുന്നതിലടക്കം കരാര്‍ ലംഘനമുണ്ടെന്നും വിവി രാജേഷ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 2023 ഫെബ്രുവരി 21ന് തിരുവനന്തപുരം കോർപ്പറേഷനും സ്മാർട്ട് സിറ്റിയും കെഎസ്ആര്‍ടിസിയും തമ്മിൽ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ പാലിക്കണം എന്നാണ് ആവശ്യം.
പീക്ക് ടൈമിൽ ഇലക്ട്രിക് ബസുകൾ സിറ്റിയിൽ വേണമെന്നാണ് വ്യവസ്ഥ. എന്നാൽ അത് പാലിക്കുന്നില്ല. റൂട്ട് നിശ്ചയിക്കുന്ന കാര്യത്തിലും ലംഘനം ഉണ്ടായി. കോർപ്പറേഷനുമായി ആലോചന ഇല്ലാതെയാണ് റൂട്ട് നിശ്ചയിക്കുന്നത്. ബസ് സര്‍വീസിലെ ലാഭ വിഹിതം നൽകുന്നതിലും വീഴ്ച്ചയുണ്ട്. ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കരാർ ലംഘിച്ചതായുള്ള മുൻ മേയര്‍ ആര്യ രാജേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റും വിവി രാജേഷ് വാര്‍ത്താസമ്മേളനത്തിനിടെ വായിച്ചു.
നിലവിൽ കരാർ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത്. കോർപ്പറേഷന് കൂടി ലാഭം നൽകാമെന്നാണ് കരാറിൽ എഴുതിയിരിക്കുന്നത്. നിരവധി ഇടറോഡുകളിൽ ബസ് ഇല്ലാത്ത പ്രശ്നം നിലവിലുണ്ട്. കോര്‍പ്പറേഷൻ പരിധിയിലുള്ള ഗ്രാമീണ മേഖലയിലെ ഇടറോഡുകളിലടക്കം വാഹനസൗകര്യമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്നുണ്ട്. ഈ റോഡുകളിൽ ബസ് എത്തണം എന്നാണ് ആവശ്യം. ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട കരാര്‍ പാലിക്കണമെന്നാണ് മന്ത്രിയോട് പറയാനുള്ളത്. കത്ത് കൊടുത്താൽ ഇലക്ട്രിക് ബസ് തിരികെ നൽകാം എന്ന മന്ത്രിയുടെ പ്രതികരണത്തോടും വിവി രാജേഷ് പ്രതികരിച്ചു. കോര്‍പ്പറേഷന് അത്തരം ആവശ്യങ്ങളൊന്നുമില്ലെന്നും ബസ് കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ മാത്രമേയിടുവെന്ന വാശി ഒന്നുമില്ലെന്നും കോർപ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ടെന്നും പക്ഷെ നിലവിൽ അതിനെ കുറിച് ഒന്നും ആലോചിക്കുന്നില്ലെന്നും വിവി രാജേഷ് പറഞ്ഞു.
നേരത്തെ വി വി രാജേഷിന്റെ കോർപ്പറേഷൻ ബസ് പരാമർശത്തിനെതിരെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത് വന്നിരുന്നു
ബസുകള്‍ കോര്‍പ്പറേഷന് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ കൊണ്ടിടാം, ഓടിക്കാം. എന്നാല്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഇടാന്‍ അനുവദിക്കില്ല. ഈ ബസ് നല്‍കിയാല്‍ സര്‍ക്കാര്‍ പകരം 150 പുതിയ ബസുകള്‍ കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു. എന്തായാലും, നെടുമങ്ങാട് താമസിക്കുന്നവരേയും ആറ്റിങ്ങല്‍ താമസിക്കുന്നവരേയും നെയ്യാറ്റിന്‍കര താമസിക്കുന്നവരേയും പോത്തന്‍കോട് താമസിക്കുന്നവരേയും വണ്ടിയില്‍ കേറ്റാന്‍ പാടില്ലെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. അങ്ങനെ പറയുകയുമില്ല. മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസി ഓടിച്ചുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെട്ട ബസുകള്‍ 113 എണ്ണമാണ്. 50 എണ്ണം കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ളതാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാങ്ങിത്തന്നു എന്നു പറയുന്നതും, കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി എന്നും പറയുന്നത് ശരിയല്ല. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കേന്ദ്രവിഹിതം 500 കോടി രൂപയാണ്. സംസ്ഥാന വിഹിതം 500 കോടിയാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ 137 കോടി രൂപയും ചെലവഴിച്ചു. കോര്‍പ്പറേഷന്റെ പണവും സംസ്ഥാന വിഹിതവും സംസ്ഥാന ഖജനാവില്‍ നിന്നുള്ളതാണ്. അതുകൊണ്ടു തന്നെ പദ്ധതിയുടെ 60 ശതമാനം തുകയും സംസ്ഥാന സര്‍ക്കാരിന്റേതാണ്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ വികസനങ്ങളുടെ ഭാഗമായി വാങ്ങിയതാണ് 11 വാഹനങ്ങളും. കെഎസ്ആര്‍ടിസി വാങ്ങിയ 50 വാഹനങ്ങളില്‍ കോര്‍പ്പറേഷന് ഒരു കാര്യവുമില്ല. 113 വാഹനങ്ങളുമായി ത്രികക്ഷി കരാറാണുള്ളത്. സ്മാര്‍ട്ട് സിറ്റി, കോര്‍പ്പറേഷന്‍, സ്വിഫ്റ്റ് എന്നീ മുന്നു കമ്പനികള്‍ തമ്മിലാണ് കരാര്‍. എഗ്രിമെന്റിലെ ഒരു ക്ലോസുണ്ട്. അതില്‍ വാഹനം ഓടുന്നതുമായി ബന്ധപ്പെട്ട് ഉപദേശക സമിതിയുണ്ട്. ഈ സമിതിയില്‍ മേയര്‍ അധ്യക്ഷനാകണമെന്ന് പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. ഈ വാഹനങ്ങളിലെ ഡ്രൈവര്‍, കണ്ടക്ടര്‍, ടിക്കറ്റ് മെഷീന്‍ തുടങ്ങി സര്‍വ സാധനങ്ങളും കെഎസ്ആര്‍ടിസിയുടേതാണ്.
---------------
Hindusthan Samachar / Roshith K