ഇന്ത്യയിലുടനീളം 200ലധികം ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ട്
Delhi, 4 ഡിസംബര്‍ (H.S.) ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സമീപ വർഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവർത്തന തടസങ്ങളിലൊന്നിനെ നേരിടുകയാണ്. ഇക്കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിലായി പ്രധാന വിമാനത്താവളങ്ങളിലായി രാജ്യത്ത് ഇൻഡിഗോയുടെ 200ലധികം വിമാനങ
Indigo Airlines


Delhi, 4 ഡിസംബര്‍ (H.S.)

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സമീപ വർഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവർത്തന തടസങ്ങളിലൊന്നിനെ നേരിടുകയാണ്. ഇക്കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിലായി പ്രധാന വിമാനത്താവളങ്ങളിലായി രാജ്യത്ത് ഇൻഡിഗോയുടെ 200ലധികം വിമാനങ്ങൾ റദ്ദാക്കുകയും, നൂറുകണക്കിന് വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു. ഈ തടസ്സം ആയിരക്കണക്കിന് യാത്രക്കാരെയാണ് വലച്ചത്.

ടെർമിനലുകളിൽ നീണ്ട ക്യൂവിലേക്ക് നയിച്ച കാരണമെന്താണ്? ജീവനക്കാരുടെ കുറവ്, പുതിയ ഡ്യൂട്ടി സമയ നിയമങ്ങൾ, പ്രധാന വിമാനത്താവളങ്ങളിലെ സാങ്കേതിക തകരാറുകൾ, ശൈത്യകാല പ്രവർത്തന സമയത്തെ കനത്ത തിരക്ക് എന്നിവയാണ് പ്രധാന കാരണങ്ങൾ. അവയെ കുറിച്ച് വിശദമായി അറിയാം.

1. രൂക്ഷമായ ക്രൂ ക്ഷാമം

നവംബർ 1 മുതൽ പുതിയതും കർശനവുമായ ഡ്യൂട്ടി ടൈം നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതിന് ശേഷം, ഇൻഡിഗോയുടെ സർവീസുകളിൽ പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിൻ്റെയും കുറവ് നേരിടുകയാണ്. പുതുക്കിയ നിയമങ്ങൾ പൈലറ്റുമാർക്ക് പറക്കാൻ കഴിയുന്ന മണിക്കൂറുകളുടെ എണ്ണം കുത്തനെ കുറയ്ക്കുകയും, നിർബന്ധിത വിശ്രമ ആവശ്യകതകൾ വർധിപ്പിക്കുകയും ചെയ്തു.

നിയമപരമായി ലഭ്യമായ ജീവനക്കാരില്ലാത്തതിനാൽ നിരവധി ഇൻഡിഗോ വിമാനങ്ങൾക്ക് പുറപ്പെടാൻ കഴിഞ്ഞില്ല. നേരത്തെ പട്ടികപ്പെടുത്തിയ പൈലറ്റുമാർക്ക് പുതുക്കിയ പരിധിക്കുള്ളിൽ പറക്കാൻ യോഗ്യത ഇല്ലാത്തതിനാൽ മുഴുവൻ റൊട്ടേഷനുകളും റദ്ദാക്കേണ്ടി വന്ന ഒരു ഘട്ടത്തിലെത്തിയതായി ഒന്നിലധികം വ്യോമയാന വൃത്തങ്ങൾ പറഞ്ഞു.

2. പുതിയ റോസ്റ്റർ നിയമങ്ങൾ (എഫ്‌ഡിടിഎൽ മാനദണ്ഡങ്ങൾ)

വിമാനത്തിലെ ജീവനക്കാരുടെ ക്ഷീണം കുറയ്ക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യയിൽ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (FDTL) ഏറ്റവും പുതിയ ഘട്ടമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ വിമാനഗതാഗത നെറ്റ്‌വർക്കുകളിൽ ഒന്നായ ഇൻഡിഗോ, പ്രതിദിനം 2,200ലധികം വിമാനങ്ങളും, ഗണ്യമായ അളവിൽ രാത്രികാല പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. എന്നാൽ സമയബന്ധിതമായി റോസ്റ്ററുകൾ പുനർനിർമിക്കാൻ പാടുപെട്ടു.

പുതിയ മാനദണ്ഡങ്ങൾ പ്രകാരം ഡ്യൂട്ടി ഷെഡ്യൂളുകൾ, രാത്രി ലാൻഡിംഗ് പ്ലാനുകൾ, ആഴ്ച തോറുമുള്ള വിശ്രമ ചാർട്ടുകൾ എന്നിവയിൽ മാറ്റങ്ങൾ ആവശ്യമായി വന്നു. എയർലൈനിൻ്റെ ഷെഡ്യൂളിംഗ് സംവിധാനങ്ങൾ പൂർണമായും സ്ഥിരത കൈവരിച്ചിട്ടില്ലെന്നും, പുതിയ ആവശ്യകതകൾ തിരക്കേറിയ റൂട്ടുകളിൽ ഉടനടി ജീവനക്കാരുടെ കുറവ് സൃഷ്ടിച്ചുവെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു

3. പ്രധാന വിമാനത്താവളങ്ങളിലെ സാങ്കേതിക തകരാറുകൾചൊവ്വാഴ്ച ഡൽഹി, പൂനെ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ, ഡിപ്പാർച്ചർ കൺട്രോൾ സിസ്റ്റങ്ങളിൽ തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് രാജ്യത്ത് ഇൻഡിഗോയുടെ ഒന്നിലധികം ഇടങ്ങളിൽ നീണ്ട വരികളും രൂപപ്പെടുന്നതിലേക്ക് നയിച്ചു. അതോടെ ആ ദിവസം മുഴുവൻ കാലതാമസം തുടർന്നു. കടുത്ത ഷെഡ്യൂളുകളിൽ പറക്കേണ്ട വിമാനങ്ങളുടെയും ജീവനക്കാരുടെയും നെറ്റ്‌വർക്കിനെ അസ്വസ്ഥരാക്കി.

4. വിമാനത്താവളത്തിലെ തിരക്കും ശൈത്യകാല ഗതാഗതവുംയാത്രക്കാരുടെ എണ്ണത്തിലെ വർധനവ്, ശൈത്യകാല മൂടൽമഞ്ഞുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ സമ്മർദ്ദം, പ്രധാന മെട്രോ വിമാനത്താവളങ്ങളിലെ തിരക്ക് എന്നിവ ഇൻഡിഗോയുടെ നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാനുള്ള കഴിവിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. തിരക്കേറിയ ഷെഡ്യൂളുകൾ ഇൻഡിഗോ നെറ്റ്‌വർക്കിനെയാകെ ബാധിച്ചു.

ഇൻഡിഗോയുടെ വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം, ഈ കമ്പനി ദിവസേന 2,200ലധികം വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ, ചൊവ്വാഴ്ചത്തെ സർക്കാർ ഡാറ്റ പ്രകാരം, അവരുടെ കൃത്യസമയത്തുള്ള സർവീസുകളുടെ എണ്ണം 35 ശതമാനമായി കുറഞ്ഞു. അതായത് ഒരു ദിവസം 1,400ലധികം വിമാനങ്ങളാണ് വൈകിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ (ഡിജിസിഎ) കണക്കുകൾ പ്രകാരം നവംബർ മാസത്തിൽ ആകെ 1,232 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

പുതിയ റോസ്റ്റർ നിയമങ്ങൾ എന്തൊക്കെയാണ്?

ജീവനക്കാരുടെ ക്ഷീണം കുറയ്ക്കുന്നതിലൂടെ സുരക്ഷ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെ സിവിൽ ഏവിയേഷൻ റെഗുലേറ്റർ കർശനമായ എഫ്‌ഡി‌ടി‌എൽ നിയമങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പരിഷ്കരണങ്ങൾ ഇവയാണ്.

ഉയർന്ന പ്രതിവാര വിശ്രമ ആവശ്യകതകൾ

പൈലറ്റുമാർക്ക് ഇനി മുതൽ ആഴ്ചയിൽ കൂടുതൽ നിർബന്ധിത വിശ്രമ കാലയളവുകൾ ലഭിക്കണം. ഇത് നിയമപരമായി അവർക്ക് ചെയ്യാവുന്ന തുടർച്ചയായ ജോലി സമയം എണ്ണം കുറയ്ക്കുകയും, റോസ്റ്റർ പ്ലാനിംഗിനെ ആകെ ബാധിക്കുകയും ചെയ്യുന്നു.

രാത്രി ലാൻഡിംഗുകളിലെ നിയന്ത്രണങ്ങൾ

ഒരു പൈലറ്റിന് ഒരു നിശ്ചിത കാലയളവിൽ ചെയ്യാൻ കഴിയുന്ന രാത്രി ലാൻഡിംഗുകളുടെ എണ്ണം ആറിൽ നിന്ന് രണ്ടായി കുറച്ചു. രാത്രികാല സർവീസുകളെ വളരെയധികം ആശ്രയിക്കുന്ന വിമാനക്കമ്പനികളെ ഇത് സാരമായി ബാധിച്ചു.

കുറഞ്ഞ ഡ്യൂട്ടി സമയം

തുടർച്ചയായ ഡ്യൂട്ടി കാലയളവുകൾക്ക് പുതിയ നിയമത്തിലൂടെ കർശനമായ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. അതായത് ഒരേ ഷെഡ്യൂൾ പ്രവർത്തിപ്പിക്കാൻ കൂടുതൽ പൈലറ്റുമാർ ആവശ്യമാണ്.

ഡിജിസിഎ വിമാന സമയം ഇനി പറയുന്നതിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു

ഒരു ദിവസം - 8 മണിക്കൂർ

ആഴ്ചയിൽ - 35 മണിക്കൂർ

പ്രതിമാസം - 125 മണിക്കൂർ

പ്രതിവർഷം - 1000 മണിക്കൂർ

വിമാന ജോലികളുടെ ഇരട്ടി സമയത്തിന് തുല്യമായ വിശ്രമ കാലയളവ് ക്രൂവിന് ലഭിക്കണം. അതായത് 24 മണിക്കൂർ ഇടവേളയിൽ കുറഞ്ഞത് 10 മണിക്കൂർ വിശ്രമം നൽകണം.

ഈ മാനദണ്ഡങ്ങൾ വിമാന യാത്രയുടെ സുരക്ഷ മെച്ചപ്പെടുത്താനുള്ളതാണ്. പക്ഷേ വിമാനക്കമ്പനികൾ, പ്രത്യേകിച്ച് അതിവേഗം ടേൺ എറൗണ്ട് മോഡലുകളുള്ളവ, ഓരോ വിമാനത്തിനും കൂടുതൽ പൈലറ്റുമാരെ വിന്യസിക്കേണ്ടതുണ്ട്. ഇൻഡിഗോയുടെ വലിയ രാത്രികാല ശൃംഖല ഈ പരിഷ്കാരത്തോടെ ദുർബലമായി മാറുകയായിരുന്നു.

മറ്റു വിമാനക്കമ്പനികളെ ഇതേ രീതിയിൽ ബാധിക്കാത്തത് എന്തുകൊണ്ട്?പുതിയ മാനദണ്ഡങ്ങൾ എല്ലാ വിമാനക്കമ്പനികളിലും ബാധകമാണെങ്കിലും നിരവധി ഘടനാപരമായ കാരണങ്ങളാൽ ഇൻഡിഗോയിലാണ് തടസ്സം ഏറ്റവും കൂടുതലുള്ളത്.

1. സ്കെയിലും ഫ്രീക്വൻസിയും

ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളിൽ ഭൂരിഭാഗവും ഇൻഡിഗോയാണ് നടത്തുന്നത്. ഇത്രയും ഉയർന്ന തിരക്കിനിടെ ഉണ്ടാകുന്ന ഒരു ചെറിയ തടസ്സം പോലും രാജ്യവ്യാപകമായി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.

2. വലിയ രാത്രികാല ശൃംഖല

എയർ ഇന്ത്യ, വിസ്താര, ആകാശ തുടങ്ങിയ വിമാനക്കമ്പനികൾ താരതമ്യേന കുറച്ച് രാത്രി സർവീസുകൾ മാത്രമേ പ്രവർത്തിപ്പിക്കുന്നുള്ളൂ. എന്നാൽ ഇൻഡിഗോ കൂടുതൽ രാത്രികാല വിമാന സർവീസുകൾ നടത്തുന്നു. പുതിയ പരിഷ്കാരത്തോടെ രാത്രി ലാൻഡിംഗുകളുടെ പരിധിയിൽ ഒരു ക്രൂ ജോഡിക്ക് നിയമപരമായി നടത്താവുന്ന വിമാന സർവീസുകളുടെ എണ്ണം കുത്തനെ കുറച്ചു.

3. ടൈറ്റ് ക്രൂ യൂട്ടിലൈസേഷൻ മോഡൽ

ഇൻഡിഗോയുടെ നെറ്റ്‌വർക്ക് കാര്യക്ഷമത ജീവനക്കാരുടെ സമയം പരമാവധി ഉയർത്തുന്നതിലും, പ്രവർത്തനരഹിതമായ സമയം കുറയ്ക്കുന്നതിനേയും ആശ്രയിച്ചിരിക്കുന്നു. ഡ്യൂട്ടി സമയ പരിധികൾ കർശനമാക്കിയതോടെ ഇതിൽ പ്രതിസന്ധിയുണ്ടായി.

4. നെറ്റ്‌വർക്ക് പുനഃക്രമീകരണത്തിലെ പ്രതിസന്ധി

ചെറിയ നെറ്റ്‌വർക്കുകളുള്ള വിമാനക്കമ്പനികൾക്ക് ഷെഡ്യൂളുകൾ ക്രമീകരിക്കുന്നത് എളുപ്പമായി. ഇൻഡിഗോയുടെ വിപുലമായ കണക്ഷനുകൾ പൈലറ്റുമാരെയും ക്യാബിൻ ക്രൂവിനെയും വേഗത്തിൽ പുനഃക്രമീകരിക്കുന്നത് വെല്ലുവിളി നിറഞ്ഞതാക്കി.

സ്ഥിതി എപ്പോൾ മെച്ചപ്പെടും?ഊർജിതമായ ശ്രമം തുടരുന്നുണ്ടെന്നും, അടുത്ത 48 മണിക്കൂറിനുള്ളിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇൻഡിഗോ പറയുന്നു. തിരക്കേറിയ റൂട്ടുകളിൽ എയർലൈൻ ജീവനക്കാരെ പുനർവിന്യസിക്കൽ, രാത്രി ഷെഡ്യൂളുകൾ പരിഷ്കരിക്കൽ, അവസാന നിമിഷത്തെ കുഴപ്പങ്ങൾ ഒഴിവാക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത സർവീസ് റദ്ദാക്കൽ എന്നിവയാണ് ഇൻഡിഗോ നടത്തുന്നത്. കമ്പനി ഇപ്പോൾ വിമാനങ്ങളും ക്രൂ റൊട്ടേഷനുകളും പുനഃക്രമീകരിക്കുന്നു. യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുന്നത് തുടരണമെന്നും, ഈ കാലയളവിൽ തുടർച്ചയായ കാലതാമസം പ്രതീക്ഷിക്കണമെന്നും കമ്പനി നിർദേശിച്ചിട്ടുണ്ട്.

ഞങ്ങളുടെ ഉപഭോക്താക്കളോട് ഇൻഡിഗോ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ചെറിയ സാങ്കേതിക തകരാറുകൾ, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, വ്യോമയാന സംവിധാനത്തിലെ വർധിച്ച തിരക്ക്, പുതുക്കിയ ക്രൂ റോസ്റ്ററിംഗ് നിയമങ്ങൾ നടപ്പിലാക്കൽ.. എന്നിവയുൾപ്പെടെ നിരവധി അപ്രതീക്ഷിത വെല്ലുവിളികൾ ഞങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു, ഇൻഡിഗോ വാർത്താക്കുറിപ്പിൽ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News