Enter your Email Address to subscribe to our newsletters

Thiruvananthapuram, 4 ഡിസംബര്‍ (H.S.)
രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇത്രയും കാലം നിയമസഭാ സാമാജികനാക്കി വച്ചതിന്റെ ഉത്തരവാദിത്തത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് ചെയ്യേണ്ടിയിരുന്നത് പാര്‍ട്ടിക്ക് അകത്തുള്ള സമയത്ത് തന്നെ രാഹുലിനെ രാജിവയ്പ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല, ഞങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയല്ലോ, വേണമെങ്കില്‍ രണ്ടുദിവസം മുമ്പേ പുറത്താക്കാം എന്നൊക്കെയുള്ള പരിഹാസ്യമായ നടപടിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ജനങ്ങളോടും സ്ത്രീ സമൂഹത്തോടും കോണ്‍ഗ്രസിന് എന്തെങ്കിലും ഒരു പ്രതിബദ്ധത ഉണ്ടായിരുന്നെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭാ സാമാജികത്വം രാജിവെപ്പിക്കേണ്ടതായിരുന്നു. അതിന് തയ്യാറാവാതെ ഇപ്പോള്‍ പുറത്താക്കി എന്ന് പറയുന്നത് ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു തന്ത്രം മാത്രമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ഈ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാത്രമല്ല കുറ്റവാളി സ്ഥാനത്ത് നില്‍ക്കുന്നത്. കോണ്‍ഗ്രസിലെ പല യുവനേതാക്കളും, പ്രത്യേകിച്ചും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഗുരുക്കന്മാരായിട്ടുള്ള പലരും സംശയത്തിന്റെ നിഴലിലാണ്. രാഹുല്‍ നടത്തിയ പല തെറ്റായ പ്രവണതകളും ഇത്തരം ആളുകളുടെ സഹായത്തോട് കൂടിയാണ് നടന്നിരിക്കുന്നത്. എല്ലാം അറിഞ്ഞുകൊണ്ട് കോണ്‍ഗ്രസിലെ പല നേതാക്കളും ഈ തെറ്റുകള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നിരവധി പരാതികള്‍ കെപിസിസി പ്രസിഡന്റിനും, പ്രതിപക്ഷ നേതാവിനും, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മെന്റര്‍ ആയിട്ടുള്ള ഷാഫി പറമ്പിലിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ കിട്ടിയിട്ടുണ്ട്. ബോധപൂര്‍വ്വം ആ പരാതികളെല്ലാം ഒതുക്കിത്തീര്‍ക്കുകയായിരുന്നു അവര്‍ ചെയ്തത്. ഇത്രയും കാലം രാഹുലിനെ സംരക്ഷിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൈ കഴുകി ഓടിപ്പോകാന്‍ കഴിയില്ല.
പിണറായി സര്‍ക്കാരിന് രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടല്ല, തദ്ദേശ തെരഞ്ഞെടുപ്പ് കണ്ടുകൊണ്ട് അവരിത് നീട്ടിക്കൊണ്ടുപോയതാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തിലിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് പോലും പോലീസ് തന്നെയാണ് എന്നതാണ് സത്യം. രാഹുല്‍ എവിടെയൊക്കെ പോയിട്ടുണ്ടോ അവിടെയെല്ലാം പോലീസിന്റെ നിരീക്ഷണമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് വൈകിപ്പിച്ചത് പോലീസിന്റെയും സര്‍ക്കാരിന്റെയും ഗൂഢാലോചനയാണ്, കെ സുരേന്ദ്രന്‍ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR