Enter your Email Address to subscribe to our newsletters

Kottayam 4 ഡിസംബര്‍ (H.S.)
കാൽ നൂറ്റാണ്ട് കാലം കൈപ്പിടിയിലുണ്ടായിരുന്ന കോട്ടയം നഗരസഭയുടെ ഭരണം കഴിഞ്ഞ തവണ യുഡിഎഫ് നിലനിർത്തിയത് ഭാഗ്യം ഒന്ന് കൊണ്ട് മാത്രമായിരുന്നു. കോൺഗ്രസ് വിമതയെ ഒപ്പം നിർത്തി നറുക്കെടുപ്പിലൂടെയാണ് കഴിഞ്ഞ അഞ്ചുവർഷം നഗരസഭ യുഡിഎഫ് ഭരിച്ചത്. എന്നാൽ ഇത്തവണ ഭരണം പിടിക്കാനുറച്ചാണ് ഇടതുപക്ഷത്തിൻ്റെ നീക്കം. ബിജെപി, സീറ്റ് വർധിപ്പിച്ചാൽ അതും നിർണായകമാകും.
കേരള കോൺഗ്രസ് എമ്മിൻ്റെ മുന്നണി മാറ്റം, കോട്ടയം നഗരസഭയിൽ യുഡിഎഫിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെ 52 സീറ്റിൽ 22 ഇടത്ത് എൽഡിഎഫ് ജയിച്ചു. യുഡിഎഫിന് ജയിക്കാനായത് 21 സീറ്റിൽ. എന്നാൽ ഗാന്ധിനഗർ സൗത്ത് വാർഡിൽ നിന്ന് ജയിച്ച കോൺഗ്രസ് വിമത ബിൻസി സെബാസ്റ്റ്യനെ യുഡിഎഫ് ഒപ്പം നിർത്തി. തുല്യ നിലയിൽ എത്തിയതിന് പിന്നാലെ നടത്തിയ നറുക്കെടുപ്പിൽ ഭാഗ്യം, യുഡിഎഫിന്. കോൺഗ്രസ് വിമത ബിൻസി സെബാസ്റ്റ്യൻ നഗരസഭയുടെ അധ്യക്ഷയായി.
എന്നാൽ കഴിഞ്ഞ അഞ്ച് വർഷം മൂന്ന് അവിശ്വാസമടക്കം സംഘർഷഭരിതമായിരുന്നു കാര്യങ്ങൾ. രണ്ടരക്കോടിയുടെ പെൻഷൻ തട്ടിപ്പടക്കം വിവാദങ്ങളും തർക്കങ്ങളും രൂക്ഷമായി. എങ്കിലും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഇതൊന്നും ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിൽ ആണ് ഐക്യജനാധിപത്യ മുന്നണി. ഇത്തവണ അനുകൂല സാഹചര്യമാണെന്നാണ് ഇടതുപക്ഷത്തിൻ്റെ വിലയിരുത്തൽ.
കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണം പരാജയമെന്നും എൽഡിഎഫിന് ആരോപണമുണ്ട്. കഴിഞ്ഞ തവണ നിസാര വോട്ടിന് പരാജയപ്പെട്ട ഇടങ്ങൾ ഇത്തവണ പിടിക്കാനും എൽഡിഎഫിന് പദ്ധതിയുണ്ട്. കഴിഞ്ഞ തവണ എട്ട് സീറ്റിലാണ് ബിജെപിക്ക് ജയിക്കാനായത്. ഇത്തവണ അത് രണ്ടക്കത്തിലേക്ക് എത്തിക്കാനാണ് നീക്കം. നഗരസഭയിൽ ബിജെപി പിടിക്കുന്ന വോട്ടുകൾ രണ്ട് മുന്നണികൾക്കും നിർണായകം തന്നെയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR