Enter your Email Address to subscribe to our newsletters

Palakkad, 4 ഡിസംബര്‍ (H.S.)
രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും എതിരായ ആരോപണം ആവർത്തിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി. രാഹുലും ഫെന്നിയും ഉൾപ്പെടുന്ന പെൺവാണിഭ സംഘത്തിൽ ഹെഡ്മാഷുമുണ്ടെന്ന് ഇ.എൻ. സുരേഷ് ബാബു. സിപിഐഎം നേരത്തെ ഷാഫിക്കെതിരെ ഉന്നയിച്ച ആരോപണം എം.എ. ഷഹനാസ് ശരിവച്ചു. ഷാഫിയും രാഹുലും അടങ്ങുന്ന സംഘത്തെ കോൺഗ്രസിനകത്ത് പോലും ഭയമാണെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു.
താൻ അന്ന് പറഞ്ഞപ്പോൾ മാധ്യമങ്ങൾ കോലാഹലം ഉണ്ടാക്കി. എന്നാൽ, അത് വസ്തുത ആണെന്ന് ഇപ്പോൾ തെളിഞ്ഞില്ലേ. കോൺഗ്രസിലെ വനിതാ നേതാക്കൾ തന്നെ വെളിപ്പെടുത്തുകയല്ലേയെന്ന് ഇ.എൻ. സുരേഷ് ബാബു ചോദിച്ചു. എന്തിനും മടിക്കാത്തവരാണ് ഷാഫി - രാഹുൽ അനുയായികൾ. മാധ്യമപ്രവർത്തകരെ അടക്കം ആക്രമിച്ചു. ചെന്നിത്തല എന്തെങ്കിലും രാഹുലിനും ഷാഫിക്കെതിരെ പറയുമോ എന്ന ഭയമാണെന്ന് സുരേഷ് ബാബു പറഞ്ഞു.
അതേസമയം, കോൺഗ്രസ് നേതാവ് എം.എ. ഷഹനാസിനെ സംസ്ക്കാര സാഹിതി വാട്സ് ആപ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി. സംസ്ക്കാര സാഹിതി കോഴിക്കോട് ജില്ലാ കമ്മറ്റി ഗ്രൂപ്പിൽ നിന്നാണ് പുറത്താക്കിയത്. രാഹുലിനെതിരെ ഷാഫി പറമ്പിലിനോട് പരാതിപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.
രാഹുലിൽ നിന്ന് തനിക്കും ദുരനുഭവമെന്ന് തുറന്നുപറഞ്ഞാണ് ഷഹനാസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കർഷകസമരകാലത്ത് ഡൽഹിയിലേക്ക് ഒപ്പം വരാൻ ക്ഷണിച്ചു. രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കരുത് എന്ന് ഷാഫിക്ക് മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു. രാഹുലിൽ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട വനിതാ പ്രവർത്തകരെ തനിക്ക് നേരിട്ട് അറിയാമെന്നും ഷഹനാസ് പറഞ്ഞിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR