Enter your Email Address to subscribe to our newsletters

Thrissur, 4 ഡിസംബര്‍ (H.S.)
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളം ഒന്നടങ്കം രാഹുലിൻ്റെ രാജി ആവശ്യപ്പെടുന്നുണ്ട്, ഇത് പ്രത്യേകം താൻ എടുത്ത് പറയേണ്ട കാര്യമില്ലെന്ന് എം.വി. ഗോവിന്ദൻ പ്രതികരിച്ചു. രാഹുലിനെതിരെ നിരവധി പരാതികൾ കിട്ടിയെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. ഒൻപത് അതിജീവിതമാരുടെ പരാതികൾ കെപിസിസിക്ക് കിട്ടിയെന്നാണ് ഏറ്റവും അവസാനം ലഭിച്ച വിവരമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
രാഹുൽ വിഷയത്തിൽ കോൺഗ്രസിന് കോൺഗ്രസായി തുടരാനാവാത്ത സ്ഥിതിയുണ്ടായി. സസ്പെൻഷൻ നിലനിൽക്കുമ്പോളാണ് പാലക്കാട് തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കേണ്ടവരായ വലിയൊരു കൂട്ടം ആളുകൾ പുറത്തുണ്ട്. എന്നാൽ രാഹുൽ ലോകത്തിൻ്റെ ഏത് ഭാഗത്ത് പോയാലും പൊലീസ് പിടികൂടും. കോൺഗ്രസ് സംരക്ഷണയിലായിരുന്നതിനാൽ മാത്രമാണ് ഇതുവരെ പിടികൂടാതിരുന്നത്. ഇനിയും സംരക്ഷണം ലഭിച്ചാൽ പിടികൂടാൻ കുറച്ചു കൂടി താമസിക്കുമായിരിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
എംഎൽഎ എം. മുകേഷിനെതിരായ ലൈംഗികാരോപണത്തിലും എം. വി. ഗോവിന്ദൻ പ്രതികരിച്ചു. മുകേഷ് മാത്രമല്ല പീഡനക്കേസിൽ ഉൾപ്പെട്ട നിരവധി എംഎൽമാർ ഇവിടെയുണ്ടെന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ പ്രസ്താവന. മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല. മുകേഷ് വിഷയത്തിൽ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേസ് ഇപ്പോഴും കോടതിയിൽ തുടരുകയാണ്. കേസിൻ്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുകയെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എം. പത്മകുമാറിനെ പുറത്താക്കുന്നതിലും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ശബരിമല കേസിൽ ആരാണോ കുറ്റവാളി അവരെ സംരക്ഷിക്കാൻ സിപിഐഎമ്മോ സർക്കാരോ തയ്യാറാവില്ല. ശബരിമല അയ്യപ്പൻ്റെ ഒരു തരി സ്വർണ്ണം നഷ്ടപ്പെടാൻ പാടില്ല. ജയിലിലായ പത്മകുമാറിനെ പുറത്താക്കേണ്ട ആവശ്യമില്ല. അയാൾ സിപിഐഎം അംഗം മാത്രമാണ്. അന്വേഷണ റിപ്പോർട്ട് വന്നാൽ പുറത്ത് വന്നാൽ പാർട്ടി കടുത്ത നിലപാട് എടുക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
1981ൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന മോഷണത്തെക്കുറിച്ചും എം.വി. ഗോവിന്ദൻ സംസാരിച്ചു. വർഷങ്ങൾക്ക് മുൻപ് ഗുരുവായൂരപ്പൻ്റെ തിരുവാഭരണം മോഷ്ടിക്കപ്പെട്ടിരുന്നു. അന്ന് കെ. കരുണാകരൻ ആയിരുന്നു മുഖ്യമന്ത്രി. തിരുവാഭരണം നഷ്ട്ടപ്പെട്ട സംഭവം കേസായി. അന്നത്തെ മേൽശാന്തിയെയും മകനെയും ആണ് പ്രതിയാക്കിയത്. 1991ൽ ശരിയായ പ്രതിയെയല്ല അറസ്റ്റ് ചെയ്തതെന്ന വാർത്ത വന്നു. അതേ തുടർന്ന് ജസ്റ്റിസ് കൃഷ്ണനുണ്ണിയെ കമ്മീഷനാക്കി ഒരു അന്വേഷണം നടത്തി. ആ കമ്മീഷൻ റിപ്പോർട്ടിൽ നിരവധിയായ കൊള്ള ക്ഷേത്രത്തിൽ നടന്നു വെന്ന വിവരം പുറത്ത് വന്നു. അതേക്കുറിച്ച് പിന്നീട് ഒരന്വേഷണവും നടന്നില്ല , ഒരു വിവരവും പുറത്ത് വന്നില്ല, എം.വി. ഗോവിന്ദൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR