Enter your Email Address to subscribe to our newsletters

Trivandrum , 4 ഡിസംബര്‍ (H.S.)
കൊച്ചി∙ എത്ര കള്ളപ്രചാരണങ്ങൾ കൊണ്ടു മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും എന്നതിന്റെ ചെറിയ തുടക്കമാണ് രാഹുൽ മാങ്കൂട്ടത്തില്‍ വിഷയത്തിലെ പുതിയ സംഭവവികാസങ്ങളെന്ന് നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോര്‍ജ്. ‘‘സ്ത്രീകളുടെ വിജയത്തിന്റെ തുടക്കമാണിത്. അതിജീവിതമാർ നേരിട്ടിട്ടുള്ള ക്രൂരപീഡനത്തിന് അവർക്ക് കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിത്. അവരുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു. ഇനിയും അതിജീവിതമാരുണ്ട്, അവരും തങ്ങളുടെ നീതി കണ്ടെത്തണം’’ – റിനി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി പരസ്യപ്രതികരണം നടത്തിയത് റിനിയായിരുന്നു . ഇതിനു പിന്നാലെയാണ് മറ്റ് യുവതികളും മാങ്കൂട്ടത്തിലിനെതിരെ രംഗത്തു വന്നത്.
അല്പസമയം മുമ്പാണ് ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയത് . രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി. ഇന്നലെയും ഇന്നും രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്.
ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിന്‍റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുൻകൂര്‍ ജാമ്യം നിഷേധിച്ചത്.
ഇതേ തുടർന്ന് കോൺഗ്രസ് പാർട്ടിയും രാഹുലിനെ തങ്ങളുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
---------------
Hindusthan Samachar / Roshith K