Enter your Email Address to subscribe to our newsletters

Kerala, 4 ഡിസംബര്‍ (H.S.)
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പാലക്കാട് എം എൽ എ യെ കൈവിട്ട് വടകര എം പി ഷാഫി പറമ്പിൽ. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമാണെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലുമായി വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പാർട്ടിയിലേക്ക് കൊണ്ട് വന്നിട്ടില്ല. രാഹുലിന്റെ സംഘടന പ്രവർത്തനത്തിലെ മികവ് പരിഗണിച്ചു. വ്യക്തിപരമായി ആരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ല. ആ സമയത്ത് ക്രിമിനൽ പരാതികൾ ഉണ്ടായിട്ടില്ലെന്നും രാഹുലിനെ രാഷ്ട്രീയമായി മാത്രമാണ് പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന് വ്യക്തിപരമായ പിന്തുണയല്ല നൽകിയത്. പരാതി കിട്ടിയപ്പോൾ തന്നെ പാർട്ടി നടപടി സ്വീകരിച്ചതാണ്. കോൺഗ്രസ് എടുത്ത നടപടി മറ്റു പാർട്ടികൾ ഇതുവരെ എടുത്തിട്ടില്ല. പാർട്ടി നടപടിക്കൊപ്പമാണ് താനുള്ളതെന്നും രാഹുലിന്റെ ക്രിമിനൽ സ്വഭാവം ഉള്ള പരാതി രേഖ മൂലം കിട്ടിയിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി. ഇന്നലെയും ഇന്നും രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്.
രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിന്‍റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുൻകൂര്‍ ജാമ്യം നിഷേധിച്ചത്. രാഹുലിനെതിരായ വിശദാംശങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞു. പ്രോസിക്യൂഷൻ വാദങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
---------------
Hindusthan Samachar / Roshith K