Enter your Email Address to subscribe to our newsletters

Trivandrum , 4 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുടെ ഫ്ലാറ്റിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയെന്ന് പ്രോസിക്യൂഷൻ. രാഹുൽ ഗര്‍ഭഛിദ്രം നടത്താൻ നിര്‍ബന്ധിച്ചതിന് തെളിവുകളുണ്ടെന്നും രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു. ഇന്നലെ നടന്ന വാദത്തിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം ഉന്നയിച്ചത്. സുഹൃത്തിന്‍റെ കയ്യിൽ നിന്ന് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക വാങ്ങി കഴിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ആദ്യം ഗുളിക വാങ്ങിയില്ലെന്നും ഡോക്ടറെ കാണാൻ പോകാമെന്നും സമ്മതിച്ചിരുന്നുവെന്ന മൊഴിയാണ് യുവതി നൽകിയത്. എന്നാൽ, ഡോക്ടര്‍ക്ക് പെണ്‍കുട്ടിയുടെ മാതാവിന് പരിചയമുള്ളതിനാൽ അവരെ കാണാൻ പറ്റില്ലെന്ന് യുവതി അറിയിക്കുകയായിരുന്നു.
ഇതിനുപിന്നാലെയാണ് രാഹുലിന്‍റെ സുഹൃത്ത് ജോബി ഗുളികകള്‍ നൽകിയതെന്നാണ് പ്രോസിക്യൂഷൻ വാദം. ഇത്തരത്തിൽ ജോബിയിൽ നിന്ന് ഗുളിക വാങ്ങിക്കുന്നതിനായി രാഹുൽ ആത്മഹത്യാഭീഷണി മുഴക്കി സമ്മര്‍ദം ചെലുത്തിയെന്നാണ് പ്രധാന വാദം. ഉഭയസമ്മതപ്രകാരമായിരുന്നില്ല ലൈംഗിക ബന്ധമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ഗുളിക കൊണ്ടുവരാൻ പെൺകുട്ടി ആവശ്യപ്പെടുന്ന ഓഡിയോ പ്രതിഭാഗം ഹാജരാക്കിയിരുന്നു. എന്നാൽ, രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കികൊണ്ടാണ് ഗുളിക രണ്ടാമത് കൊണ്ടുവരാൻ ആവശ്യപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ ഇതിനെ ഖണ്ഡിച്ചുകൊണ്ട് വാദിച്ചത്. ഉഭയസമ്മത പ്രകാരമായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധമെന്ന വാദമാണ് രാഹുലിന്‍റെ അഭിഭാഷകൻ പ്രധാനമായും ഉയര്‍ത്തിയത്.
---------------
Hindusthan Samachar / Roshith K