Enter your Email Address to subscribe to our newsletters

Thiruvananthapuram, 4 ഡിസംബര്‍ (H.S.)
ചലചിത്ര വികസന കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ എത്തിയതിൽ അന്വേഷണം ആരംഭിച്ച് പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം. തലസ്ഥാനത്തെ കൈരളി, ശ്രീ, നിള തിയറ്ററുകളിൽ എത്തിയ സ്ത്രീകളുടേയും പുരുഷന്മാരുടെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. തിയേറ്ററുകളുടെ പേര് സഹിതമാണ് ടെലിഗ്രാമിലും അശ്ലീല സൈറ്റുകളിലും ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ക്ളൌഡ് ഹാക്ക് ചെയ്താണ് ദൃശ്യങ്ങൾ എടുത്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കേരളസംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ എംഡി പി.എസ്. പ്രിയദര്‍ശൻ രംഗത്തെത്തി. ദൃശ്യങ്ങള്‍ പുറത്തുപോയതിൽ ജീവനക്കാര്‍ക്ക് പങ്കുണ്ടെങ്കിൽ കര്‍ശന നടപടിയുണ്ടാകും. തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ ചോർന്നതിൽ സമഗ്ര അന്വേഷണം നടത്തുമെന്നും വിഷയം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും പി.എസ്. പ്രിയദര്‍ശൻ വ്യക്തമാക്കി.
സ്വകാര്യ തിയേറ്ററുകളിലെ ദൃശ്യങ്ങളും ചോർന്നിട്ടുണ്ട്. ജാഗ്രത പാലിക്കണം എന്ന് എല്ലാം തിയറ്ററുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിയറ്ററുകളിലെ സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ ചോർത്തിയത് ആരാണെങ്കിലും കണ്ടുപിടിക്കും, പ്രിയദര്‍ശൻ. സംഭവത്തിൽ ആഭ്യന്തര അന്വേഷണവും കെഎസ്‍എഫ്‍ഡിസി നടത്തുന്നുണ്ട്. ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്ന കാര്യമടക്കമാണ് പരിശോധിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR