ഇന്ത്യ റഷ്യ ഉച്ചകോടിയില്‍ നിര്‍ണ്ണായക കരാറുകള്‍, പരസ്പരം പുകഴ്ത്തി നരേ്ന്ദ്രമോദിയും പുടിനും
New delhi, 5 ഡിസംബര്‍ (H.S.) യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും അമേരിക്കയുടെ കടുത്ത വ്യാപാര സമ്മര്‍ദ്ദങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള നിര്‍ണ്ണായക
india russia


New delhi, 5 ഡിസംബര്‍ (H.S.)

യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും അമേരിക്കയുടെ കടുത്ത വ്യാപാര സമ്മര്‍ദ്ദങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള നിര്‍ണ്ണായക റഷ്യ ഇന്ത്യ ഉച്ചകോടി ന്യൂഡല്‍ഹിയില്‍ നടന്നു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത് ഇത് ആദ്യമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, ഊര്‍ജ്ജ, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. പ്രതിരോധം, ഊര്‍ജ്ജം എന്നിവ കൂടിക്കാഴ്ചയുടെ പ്രധാന അജണ്ടകളാണ്.

ഇന്ത്യയും റഷ്യയും തമ്മില്‍ സോവിയറ്റ് കാലഘട്ടം മുതല്‍ നിലനില്‍ക്കുന്ന ദൃഢമായ ബന്ധം തുടരുമെന്ന ശക്തമായ സന്ദേശമാണ് ഉച്ചകോടി ലോകത്തിന് നല്‍കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെ സംബന്ധിച്ചിടത്തോളം, ആഗോളതലത്തില്‍ തങ്ങള്‍ക്ക് ശക്തനായ ഒരു പങ്കാളിയുണ്ട് എന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാനുള്ള അവസരം കൂടിയാണിത്. അതേസമയം, ആയുധങ്ങള്‍ നല്‍കുന്ന റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം, പ്രധാന വ്യാപാര പങ്കാളിയായ അമേരിക്കയെ പിണക്കാതെ മുന്നോട്ട് പോകുക എന്ന വലിയ നയതന്ത്ര വെല്ലുവിളിയാണ് ഇന്ത്യ നേരിടുന്നത്.

റഷ്യയുടെ അത്യാധുനിക S-400 വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ വില്‍പ്പനയും സുഖോയ് Su-57 പോര്‍വിമാനങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട പ്രധാന കരാറുകള്‍ ചര്‍ച്ച ചെയ്തു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ കരാറുകളാണ് മറ്റൊരു പ്രധാന ചര്‍ച്ചാവിഷയം. ചൈനയ്ക്ക് ശേഷം റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഇറക്കുമതി രാജ്യമാണ് ഇന്ത്യ.

റഷ്യയുമായുള്ള ഈ ഉന്നതതല കൂടിക്കാഴ്ച ഇന്ത്യയുടെ നയതന്ത്രപരമായ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനെ തുടര്‍ന്ന്, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% അധിക തീരുവ ചുമത്തിയിരുന്നു.

പുടിന്റെ സന്ദര്‍ശനം യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കാനും, യുഎസുമായും യൂറോപ്യന്‍ യൂണിയനുമായുള്ള നിര്‍ണ്ണായകമായ വ്യാപാര കരാറുകള്‍ക്ക് വിലങ്ങുതടിയാകാനും സാധ്യതയുണ്ട്. അമേരിക്കയുമായി തന്ത്രപരമായ പങ്കാളിത്തം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ റഷ്യയുമായുള്ള ബന്ധം ദൃഢമാക്കുന്നത് ഇന്ത്യക്ക് വലിയ നയതന്ത്ര വെല്ലുവിളിയാണ്. സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധം വിളിച്ചോതുന്നതായിരുന്നു പുടിന് ന്യൂഡല്‍ഹിയില്‍ ലഭിച്ച ഊഷ്മളമായ വരവേല്‍പ്പ്.

---------------

Hindusthan Samachar / Sreejith S


Latest News