Enter your Email Address to subscribe to our newsletters

Kochi, 5 ഡിസംബര്‍ (H.S.)
കൊച്ചി പച്ചാളത്ത് റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയം. ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു- തിരുവനന്തപുരം കൊച്ചുവേളി എക്‌സ്പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്. നോര്‍ത്ത് റെയില്‍വെ സ്റ്റേഷനു സമീപമുള്ള പച്ചാളം റെയില്‍വെ ഗേറ്റിനടുത്താണ് സംഭവം. ഇതിനു സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിച്ചിതറിയ നിലയിലാണുള്ളത്.
ട്രാക്കിന്റെ നടുക്കാണ് ആട്ടുകല്ലുണ്ടായിരുന്നത്. ആട്ടുകല്ലിനു അധികം വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ അതിനു മുകളിലൂടെ കടന്നുപോവുകയായിരുന്നു. ഇതേ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം റെയില്‍വേ പൊലീസില്‍ അറിയിച്ചത്. ട്രാക്കിന്റെ വശങ്ങളിലാണ് ആട്ടുകല്ല് വച്ചിരുന്നതെങ്കില്‍ വലിയ അപകടമുണ്ടാകുമായിരുന്നു.
ട്രാക്കിന്റെ നടുവില്‍ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വച്ചതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. ട്രെയിന്‍ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാകും അന്വേഷണം.
---------------
Hindusthan Samachar / Sreejith S