Enter your Email Address to subscribe to our newsletters

Palakkad, 5 ഡിസംബര്‍ (H.S.)
ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും ഒളിവില്‍ തന്നെ തുടര്‍ന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ഒന്‍പതാം ദിവസമായി എംഎല്‍എ പോലീസിന്റെ കണ്ണു വെട്ടിച്ച് നടക്കുകയാണ്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ഒളിജീവിതം തുടരുകയാണ് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇതിനായി കൃത്യമായ സഹായം രാഹുലിന് ലഭിക്കുന്നുണ്ട്. പോലീസില്‍ നിന്നടക്കം വിവരങ്ങള്‍ രാഹുലിന് ലഭിക്കുന്നുണ്ട് എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെയാണ് പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഒളിയിടത്ത് നിന്ന് രക്ഷപ്പെടുന്നത്.
യുവതി മഉഖ്യമന്ത്രിക്ക് പരാതി നല്‍കിയ ദിവസം യുവനടിയുടെ കാറില്‍ രക്ഷപ്പെട്ടതാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. . സിസിടിവി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി ആയിരുന്നു രാഹുലിന്റെ രക്ഷപ്പെടല്‍. ആദ്യം കൊയമ്പത്തൂരിലും തുടര്‍ന്ന് കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിയായ ബാഗലൂരിലെ റിസോര്‍ട്ടിലും ഒളിവില്‍ കഴിഞ്ഞു. ഇവിടേക്ക് പോലീസ് എത്തുന്നു എന്ന് അറിഞ്ഞതോടെ ഇവിടെ നിന്നും ബെംഗളൂരുവിലേക്ക് പോയി. ബെംഗളൂരുവില്‍ അന്വേഷണ സംഘം എത്തുന്നതിനു മുന്‍പെ രാഹുല്‍ രക്ഷപ്പെടുകയും ചെയ്തു.
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേദിച്ചതിന് എതിരെ രാഹുല്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. അതിനിടെ രാഹുല്‍ ഇന്ന് കേരളത്തിലെ കോടതികളില്‍ എവിടെയെങ്കിലും കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. രാഹുലിന് എതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കും. വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമംവും ആരംഭിച്ചിട്ടുണ്ട്.
കസ്റ്റഡിയിലുള്ള രാഹുലിന്റെ പിഎ ഫസലിനെയും ഡ്രൈവര്‍ ആല്‍വിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ആല്‍വിനും ഫസലിനുമൊപ്പമാണ് രാഹുല്‍ പാലക്കാട് നിന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട് വരെ ഇവര്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. വ്യാഴാഴ്ച പാലക്കാട് വിട്ട ഇരുവരും ശനിയാഴ്ച തിരിച്ചെത്തി. ഇന്നലെ ഉച്ചയ്ക്കാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. രാഹുലിന്റെ നീക്കങ്ങളെ കുറിച്ച് ഇവര്‍ക്ക് അറിവുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
---------------
Hindusthan Samachar / Sreejith S