Enter your Email Address to subscribe to our newsletters

Kochi, 5 ഡിസംബര്‍ (H.S.)
ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ ഒളിവിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ തന്നെയാണ് ഹൈക്കോടതിയിലും രാഹുല്‍ പറഞ്ഞിരിക്കുന്നത്. ബലാത്സംഗത്തിനു തെളിവില്ലെങ്കിലും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം ചെയ്യിച്ചതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ചാണു കഴിഞ്ഞ ദിവസം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുകയും തെളിവു നശിപ്പിക്കുകയും ചെയ്‌തേക്കാമെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്.നസീറ ചൂണ്ടിക്കാട്ടി.
പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്തു പരിശോധിക്കണമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതായി ഉത്തരവിലുണ്ട്. രാഹുലിനെതിരെ പുതുതായി റജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിന്റെ എഫ്‌ഐആര്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയതും കോടതി പരിശോധിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയുടെ പരിഗണനയില്‍ ജാമ്യാപേക്ഷ വരും എന്നാണ് സൂചന. അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പാലക്കാട് എംഎല്‍എ.
---------------
Hindusthan Samachar / Sreejith S