Enter your Email Address to subscribe to our newsletters

New delhi, 5 ഡിസംബര്‍ (H.S.)
പ്രമുഖ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണനെതിരായ ലൈംഗിക പീഡന പരാതിയില്‍ അസാധാരണ നടപടിയുമായി സുപ്രീം കോടതി. പരാതിയില്‍ കോടതി സംശയമുന്നയിച്ചു. ഒന്നുകില്‍ പരാതിക്കാരിയും വേണു ഗോപാലകൃഷ്ണനും തമ്മില്‍ നടന്നത് ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധമായിരിക്കാമെന്നും അല്ലെങ്കില്‍ പരാതി കെട്ടിച്ചമച്ചതാകാമെന്നും ജസ്റ്റിസ് ബി.വി. നാഗരത്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു. പരാതി നല്‍കാന്‍ ഒരുവര്‍ഷം കാലതാമസമുണ്ടായത് എന്തുകൊണ്ടാണെന്നും സുപ്രീംകോടതി ആരാഞ്ഞു. മീഡിയേഷന്‍ സെന്റര്‍ മുന്‍പാകെ ഹാജരാകാന്‍ സുപ്രീംകോടതി കക്ഷികളോട് നിര്‍ദേശിച്ചു.
വേണു ഗോപാലകൃഷ്ണനെതിരേ അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ് ലൈംഗിക പീഡന പരാതി നല്‍കിയിരുന്നത്. എന്നാല്‍ വേണു ഗോപാലകൃഷ്ണന്‍ നല്‍കിയ ഹണി ട്രാപ്പ് പരാതിയില്‍ അറസ്റ്റിലായ യുവതിയാണ് പിന്നീട് ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയതെന്ന് ഐടി വ്യവസായിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരായ മുകുള്‍ റോത്തഗിയും രാകേന്ദ് ബസന്തും സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പരാതി നല്‍കാന്‍ ഒരുവര്‍ഷത്തെ കാലതാമസം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന ആരാഞ്ഞത്.
വേണു ബാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ കേസ് മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിച്ചുകൂടേയെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. തുടര്‍ന്ന് സുപ്രീംകോടതി മീഡിയേഷന്‍ സെന്ററിന് മുന്‍പാകെ ഹാജരാകാന്‍ വേണു ഗോപാലകൃഷ്ണനോടും പരാതിക്കാരിയോടും സുപ്രീംകോടതി നിര്‍ദേശിച്ചു. ജനുവരി ഏഴിന് നേരിട്ടോ അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയോ ആണ് ഹാജരാകേണ്ടത്. മീഡിയേറ്ററുടെ റിപ്പോര്‍ട്ട് വരുന്നതുവരെ വേണു ഗോപാലകൃഷ്ണന് അനുവദിച്ച ഇടക്കാല ജാമ്യം തുടരും.
---------------
Hindusthan Samachar / Sreejith S