Enter your Email Address to subscribe to our newsletters

Thiruvanathapuram, 5 ഡിസംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു കൊണ്ട് ഹൈക്കോടതി പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇനിയും പ്രധാനപ്പെട്ട നിരവധി പേരെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നാണ് കോടതി പറഞ്ഞത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പിന്നില്‍ ഇപ്പോള്‍ അറസ്റ്റു ചെയ്യപ്പെട്ടവരെക്കാള്‍ പ്രധാനപ്പെട്ട വന്‍തോക്കുകള്‍ ഉണ്ടെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. മുന്‍ ദേവസ്വം മന്ത്രിയും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയും പത്മകുമാര്‍ ദൈവതുല്യനെന്ന് വിശേഷിപ്പിച്ച ആളും ഉള്‍പ്പെടെയുള്ള വന്‍തോക്കുകള്‍ സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സി.പി.എം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേയുള്ളൂ. ഇനിയും ഇതിനേക്കാള്‍ വലിയ നേതാക്കള്‍ വന്നു ചേരുമെന്നാണ് കോടതി വിധിയിലൂടെ വ്യക്തമാകുന്നത്. രണ്ട് പ്രധാനപ്പെട്ട സി.പി.എം നേതാക്കള്‍ ജയിലില്‍ ആയിട്ടും അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന വാശിയിലാണ് സി.പി.എം. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായി ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ പോലും നടപടി എടുക്കാത്ത പാര്‍ട്ടിയാണ് സി.പി.എം. ജയിലിലായവരെ ഭയന്നാണ് സി.പി.എം നില്‍ക്കുന്നത്. കൂടുതല്‍ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുമോ എന്ന പേടിയിലാണ് സി.പി.എം. ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കാര്‍ക്ക് സി.പി.എം കുടപിടിച്ചു കൊടുക്കുകയാണ്.
ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ അവിഹിത ബാന്ധവമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണമാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ തെളിയിക്കപ്പെട്ടത്. പി.എം ശ്രീ പദ്ധതിയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസാണെന്നാണ് പറയുന്നത്. സി.പി.എം പി.ബിയും സെക്രട്ടേറിയറ്റും മന്ത്രിസഭയും ഇടതു മുന്നണിയും അറിയാതെ അമിത്ഷായും മോദിയും പറയുന്ന സ്ഥലത്ത് ഒപ്പിട്ടു കൊടുത്ത ആളാണ് പിണറായി വിജയന്‍. ഒപ്പിട്ട് നല്‍കിയതിന്റെ ഇടനിലക്കാരന്‍ ബ്രിട്ടാസ് ആയിരുന്നെന്നാണ് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയത്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അവിഹിത ബന്ധത്തിന് നേരത്തെ ശ്രീ എം ആയിരുന്നു ഇടനിലക്കാരന്‍. മസ്‌കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളും പിണറായി വിജയനും തമ്മിലുള്ള ചര്‍ച്ചയില്‍ ശ്രീ എം ആയിരുന്നു ഇടനിലക്കാരനെങ്കില്‍ ഇപ്പോള്‍ പുതിയൊരു ഇടനിലക്കാരന്‍ വന്നിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു പാട് ഇടനിലക്കാരുണ്ട്. തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തില്‍ ആര്‍.എസ്.എസ് നേതാവ് ഹൊസബളെയുമായി സംസാരിച്ച പിണറായി വിജയന്റെ ഇടനിലക്കാരന്‍ എ.ഡി.ജി.പിയായിരുന്നു. ഒരുപാട് ഇടനിലക്കാരെ വയ്ക്കുന്നതും പാലങ്ങള്‍ പണിയുന്നതും പിണറായി വിജയനാണ്. പി.എം ശ്രീയില്‍ ഒപ്പു വയ്ക്കുന്ന കയ്യാളിന്റെ ജോലി മാത്രമാണ് ശിവന്‍കുട്ടി ചെയ്തത്. പാലത്തിലൂടെ നടക്കുന്നത് കേരളത്തിന്റെ നല്ലതിനു വേണ്ടിയല്ല, സി.പി.എം ബി.ജെ.പി ബന്ധത്തിന്റെ ഭാഗമാണ്. അത് വ്യക്തമായിരിക്കുകയാണ്. ശബരിമല കൊള്ളയിലും സി.പി.എം-ബി.ജെ.പി ബാന്ധവത്തിലും പ്രതിപക്ഷം പറഞ്ഞ ഓരോ കാര്യങ്ങളും പുറത്തു വരികയാണ്.
അയ്യപ്പന്റെ ദ്വാരപാലക ശില്‍പം കവര്‍ന്ന് കോടീശ്വരന് വിറ്റെന്നും വ്യാജ മോള്‍ഡുണ്ടാക്കിയെന്നുമാണ് കോടതി പറഞ്ഞത്. കോടികളുടെ ഇടപാടാണ് നടന്നത്. രണ്ടാമത്തെ കേസിലും പത്മകുമാര്‍ പ്രതിയായി. എന്നിട്ടും ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കില്ലെന്നാണ് എം.വി ഗോവിന്ദന്‍ പറയുന്നത്. സി.പി.എം നിലപാടില്‍ അയ്യപ്പഭക്തര്‍ മാത്രമല്ല, കേരളം മുഴുവന്‍ അമ്പരന്ന് നില്‍ക്കുകയാണ്. എസ്.ഐടിക്ക് മേല്‍ അതിശക്തമായ സമ്മര്‍ദ്ദം മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്നുണ്ട്. ഈ തിരഞ്ഞെടുപ്പ് വരെ കടകംപള്ളിയെ ചോദ്യം ചെയ്യരുതെന്ന സമ്മര്‍ദ്ദമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്നത്. കടകംപള്ളിയുടെ പേര് മുന്‍ ദേവസ്വം പ്രസിഡന്റുമാര്‍ പറഞ്ഞു കഴിഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളിക്ക് ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവ് പ്രതിപക്ഷത്തിന്റെ കയ്യിലുമുണ്ട്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കാലത്ത് ചോദ്യം ചെയ്യല്‍ വൈകിപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നത്. ഇപ്പോള്‍ ജയിലായവരേക്കള്‍ വലിയ വന്‍തോക്കുകളെ കുറിച്ച് കൂടി അന്വേഷിക്കണമെന്ന് കോടതി പറഞ്ഞിട്ടും പരമാവധി വൈകിപ്പിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.
---------------
Hindusthan Samachar / Sreejith S