അവധൂത് സാഠേയ്ക്ക് സെബിയുടെ വിലക്ക്; 546 കോടി രൂപ തിരികെ അടയ്ക്കാനും നിര്‍ദേശം
New delhi, 5 ഡിസംബര്‍ (H.S.) പ്രമുഖ ഫിനാന്‍ഷ്യല്‍ ഇന്‍ഫ്ളുവന്‍സറും ''അവധൂത് സാഠേ ട്രേഡിങ് അക്കാദമി(ASTA)'' സ്ഥാപകനുമായ അവധൂത് സാഠേയ്ക്ക് വിലക്കേര്‍പ്പെടുത്തി സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). രജിസ്ട്രേഷനില്ലാതെ നിക്ഷേപ
sebi-bans-avadhut-sathe


New delhi, 5 ഡിസംബര്‍ (H.S.)

പ്രമുഖ ഫിനാന്‍ഷ്യല്‍ ഇന്‍ഫ്ളുവന്‍സറും 'അവധൂത് സാഠേ ട്രേഡിങ് അക്കാദമി(ASTA)' സ്ഥാപകനുമായ അവധൂത് സാഠേയ്ക്ക് വിലക്കേര്‍പ്പെടുത്തി സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). രജിസ്ട്രേഷനില്ലാതെ നിക്ഷേപ ഉപദേശങ്ങള്‍ നല്‍കിയതിനും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് നടപടി. ഇതിലൂടെ സമ്പാദിച്ച 546 കോടി രൂപ തിരികെ അടയ്ക്കാനും സെബി ഉത്തരവിട്ടിട്ടുണ്ട്.

അവധൂത് സാഠേയ്ക്കും അക്കാദമിയുടെ ഡയറക്ടറായ ഗൗരി സാഠേയ്ക്കുമാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സെബി വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഇവര്‍ക്ക് ഓഹരികള്‍ വില്‍ക്കാനോ വാങ്ങാനോ കഴിയില്ല. ഒരുതരത്തിലുള്ള നിക്ഷേപ ഉപദേശവും നല്‍കാന്‍ പാടില്ലെന്നും ലൈവ് ട്രേഡിങ് നടത്താന്‍ കഴിയില്ലെന്നും ഉത്തരവിലുണ്ട്. 546 കോടി രൂപ സെബിയിലേക്ക് തിരികെ നല്‍കുന്നതുവരെ ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിര്‍ദേശമുണ്ട്.

ഓഹരിവിപണിയെക്കുറിച്ചുള്ള പരിശീലനത്തിന്റെ മറവില്‍ സെബിയുടെ ലൈസന്‍സില്ലാതെ നിക്ഷേപകരെ കബളിപ്പിച്ച് ഓഹരിവ്യാപാരം നടത്തുന്നവരെക്കുറിച്ച് സെബി അന്വേഷണം ശക്തമാക്കിയിരുന്നു. ഈ അന്വേഷണത്തിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രശസ്തി നേടിയ അവധൂത് സാഠേയും കുടുങ്ങിയത്.

---------------

Hindusthan Samachar / Sreejith S


Latest News