Enter your Email Address to subscribe to our newsletters

Perinthalmanna , 5 ഡിസംബര്‍ (H.S.)
പെരിന്തൽമണ്ണയില്‍ 14കാരനായ വിദ്യാര്‍ഥിയെ അടച്ചിട്ട റൂമിൽ കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ച ആത്മീയ ചികിത്സകന്‍ പിടിയില്‍. മണ്ണാർക്കാട് പയ്യനടം സ്വദേശി റഫീഖാണ് (43) അറസ്റ്റിലായത്. പെരിന്തൽമണ്ണയിലെ പട്ടാമ്പി റോഡിലാണ് റഫീഖ് ക്ലിനിക്ക് നടത്തുന്നത്. മാനസിക വൈകല്യമുള്ള വിദ്യാർത്ഥിയാണ് കടുത്ത പീഡനത്തിന് ഇരയായത്.
പീഡനത്തിന് ഇരയായ കുട്ടിയുടെ മാതാവിന്റെ ഉമ്മയാണ് 2024 ഒക്ടോബറിൽ ആദ്യമായി കുട്ടിയെ പട്ടാമ്പി റോഡിലെ ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിക്കുന്നത്. തുടർ ചികിത്സക്ക് എത്തിയ കുട്ടിയെ കഴിഞ്ഞ മാർച്ചിലാണ് റഫീഖ് ലൈംഗികമായി ഉപയോഗിച്ചത്.
ക്ലിനിക്ക് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ ഒന്നാം നിലയിലെ റൂമിൽ നില്‍ക്കുകയായിരുന്ന കുട്ടിയെ രണ്ടാം നിലയിലെ അടച്ചിട്ട റൂമിലെത്തിച്ചാണ് പീഡിപ്പിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് ശേഷം അഞ്ച് തവണ കൂടി റഫീഖിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നുവെന്നാണ് പരാതി.
സ്‌കൂളിലെ തന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരനോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
ആ സുഹൃത്താണ് സ്‌കൂളിലെ കൗൺസിലറെ വിവരം ധരിപ്പിച്ചത്. തുടർന്ന് പാലക്കാട് ചൈൽഡ് ലൈനിൽ പരാതി നല്‍കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. റഫീഖിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി.
---------------
Hindusthan Samachar / Roshith K