Enter your Email Address to subscribe to our newsletters

New delhi, 5 ഡിസംബര്‍ (H.S.)
ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടതാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ആ പണം ക്ഷേത്രത്തിന്റെ താത്പര്യത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ക്ഷേത്രത്തിന്റെ പണം ഉപയോഗിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, തൃശിലേരി ശിവക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ രണ്ട് സഹകരണ ബാങ്കുകളില്‍ നടത്തിയ സ്ഥിരനിക്ഷേപം പിന്‍വലിച്ച് ദേശസാല്‍കൃത ബാങ്കുകളിലേക്ക് മാറ്റാന്‍ കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ മാനന്തവാടി അര്‍ബന്‍ കോപ്പറേറ്റീവ് സൊസൈറ്റിയും തിരുനെല്ലി സര്‍വ്വീസ് കോപ്പറേറ്റിവ് ബാങ്കുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന്റെ 1.73 കോടി സ്ഥിരനിക്ഷേപമാണ് മാനന്തവാടി അര്‍ബന്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലുള്ളത്. തൃശിലേരി ശിവക്ഷേത്രത്തിന്റെ 15.68 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും മാനന്തവാടി അര്‍ബന്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ ഉണ്ട്.
തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിന്റെ 8.5 കോടി സ്ഥിരനിക്ഷേപവും തൃശിലേരി ശിവക്ഷേത്രത്തിന്റെ 1.5 കോടിയുടെ സ്ഥിരനിക്ഷേപവുമാണ് തിരുനെല്ലി സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കില്‍ ഉള്ളത്. കാലാവധി പൂര്‍ത്തിയാകാത്ത ഈ നിക്ഷേപങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിച്ചാല്‍ സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.വി. സുരേന്ദ്ര നാഥ്, അഭിഭാഷകന്‍ മനു കൃഷ്ണന്‍ എന്നിവര്‍ വാദിച്ചു.
ഈ വാദം അംഗീകരിക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല. ഹൈക്കോടതി ഉത്തരവില്‍ ഇടപെടുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. പണം ദേശസാല്‍കൃത ബാങ്കുകളിലേക്ക് മാറ്റുന്നതില്‍ എന്താണ് കുഴപ്പമെന്ന് സുപ്രീം കോടതി ചോദിച്ചു.
---------------
Hindusthan Samachar / Sreejith S