Enter your Email Address to subscribe to our newsletters

Thiruvananthapuram, 6 ഡിസംബര്‍ (H.S.)
സഹകരണബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ശിക്ഷാവിധി വന്നതിനുപിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ വർഷങ്ങള്‍ക്കിപ്പുറം പിടിയില്‍.
വർഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സര്‍വീസ് സഹകരണ ബാങ്കിന്‍റെ ഹെഡ് ഓഫീസ് ബ്രാഞ്ചിലെ സെക്രട്ടറിയായിരുന്ന പി. ശശികുമാറിനെയും ഹെഡ് ക്ലര്‍ക്കായിരുന്ന സി .ശശിധരന്‍ നായരെയുമാണ് വിജിലന്‍സ് പിടികൂടിയത്. 1994 മുതല്‍ 1998 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. ആറ് ഉപഭോക്താക്കളുടെ നിക്ഷേപമായ പതിനെട്ട് ലക്ഷം രൂപ വ്യാജ വായ്പാ അപേക്ഷകളും രേഖകളും നിര്‍മിച്ച് കൈവശപ്പെടുത്തിയ കേസില്‍ അഞ്ച് വര്‍ഷം കഠിന തടവും ആയിരം രൂപ പിഴയും 2013ല്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചിരുന്നു.
തുടര്‍ന്ന് ശശികുമാറും, ശശിധരന്‍ നായരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി, ശിക്ഷ കാലയളവ് ഒരു വര്‍ഷവും ആയിരം രൂപ പിഴയുമാക്കി ഇളവ് വരുത്തി. എന്നാല്‍ വിജിലന്‍സ് കോടതിയില്‍ കീഴടങ്ങുന്നതിന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇരുവരും കോടതിയില്‍ കീഴടങ്ങാതെ ഒളിവില്‍ പോകുകയായിരുന്നു. വർഷങ്ങള്‍ക്കിപ്പുറമാണ് ഇരുവരേയും തിരുവനന്തപുരം നെടുങ്കാടുള്ള വീടുകളില്‍ നിന്നും ഇന്നലെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR