Enter your Email Address to subscribe to our newsletters

Kottayam, 6 ഡിസംബര്‍ (H.S.)
വാഹനവായ്പ അടച്ചു തീർത്താല്‍ വാഹന ഉടമകളുടെ ഏറ്റവും വലിയ തലവേദനയാണ് ആർസി ബുക്കിലെ ബാധ്യത ഒഴിവാക്കല്‍ (ഹൈപ്പോതിക്കേഷൻ ടെർമിനേഷൻ).
ഇതിനായി പലപ്പോഴും വായ്പ നല്‍കിയ ധനകാര്യ സ്ഥാപനത്തിലും ആർടി ഓഫീസുകളിലും കയറിയിറങ്ങേണ്ടി വരാറുണ്ട്. ഇപ്പോഴിതാ, ഇതിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാൻ പുതിയ സംവിധാനം ഒരുക്കുകയാണ് നാഷണല്‍ ഇൻഫർമാറ്റിക്‌സ് സെന്റർ.
വാഹന വായ്പാ തിരിച്ചടവ് പൂർത്തിയായാല്‍ ഓട്ടോമാറ്റിക്കായി ആർസി പുതുക്കാനുള്ള സൗകര്യമാണ് നാഷണല്‍ ഇൻഫർമാറ്റിക്‌സ് സെന്റർ ഒരുക്കിയിരിക്കുന്നത്. ഇനി വാഹന ഉടമകള്‍ക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ രണ്ട് മണിക്കൂറിനകം പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാൻ കഴിയും.
ഇതുവരെയും ആർസി ബുക്കിലെ ബാധ്യത ഒഴിവാക്കല്‍ വലിയ നടപടി ക്രമങ്ങള്‍ ആവശ്യമായിരുന്നു. ബാങ്കില്‍ നിന്ന് ഫോം 35 വാങ്ങല്‍, ആർടിഒയില്‍ പോകുക, ഫീസ് അടയ്ക്കുക, വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യുക എന്നിങ്ങനെ നിരവധി ഘട്ടങ്ങള്‍ പൂർത്തിയാക്കിയാല്‍ മാത്രമേ ആർസി ബുക്കിലെ ബാധ്യത ഒഴിവാക്കി കിട്ടിയിരുന്നുള്ളു. ഇത്തരം നടപടികള്‍ പൂർത്തിയാക്കുന്നതിന് പലപ്പോഴും ദിവസങ്ങള്‍ വേണ്ടിവരുമായിരുന്നു.
പുതിയ സംവിധാനം പ്രവർത്തിക്കുന്നത് ഇങ്ങനെ:
വായ്പ പൂർണ്ണമായി അടച്ചുതീർന്നാല്‍ വാഹനം ഉടമയുടെ മൊബൈലില്‍ എസ്‌എംഎസും ഒരു ലിങ്കും ലഭിക്കും. ലിങ്ക് തുറന്ന് ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്താല്‍ മോട്ടോർവാഹനവകുപ്പിന് 85 രൂപ സർവീസ് ചാർജ് അടയ്ക്കാം. ഇതോടെ നടപടിക്രമങ്ങള്‍ പൂർത്തിയായി. പിന്നീട് രണ്ടുമണിക്കൂറിനകം പുതിയ ആർസി ഡൗണ്‍ലോഡ് ചെയ്യാം. രാജ്യത്ത് എവിടെയിരുന്നും ഈ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ സാധിക്കും.
പരീക്ഷണം വിജയകരം
പുതിയ സൗകര്യം ഇതിനകം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. വിജയകരമായതോടെ വെള്ളിയാഴ്ചയോടെ സമ്ബൂർണമായി ഈ സംവിധാനം പ്രവർത്തനക്ഷമമാക്കാനാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ആരംഭഘട്ടത്തില്‍ എച്ച്‌ഡിഎഫ്സി ബാങ്കുമായി ചേർന്നാണ് പണമിടപാട് സംവിധാനം ഒരുക്കുന്നത്. പിന്നീട് മറ്റു ബാങ്കുകളും പദ്ധതിയില്‍ പങ്കുചേരും. വാഹന ഉടമകള്‍ക്ക് പരമാവധി സൗകര്യം ലഭിക്കാനാണ് പുതിയ സംവിധാനം എന്ന് എൻഐസി കേരള ഡയറക്ടർ പ്രദീപ് സിങ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR