ഇഡി നോട്ടീസില്‍ ആദ്യമായി പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ
Thrissur, 6 ഡിസംബര്‍ (H.S.) കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് ലഭിച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിക്കായി ഞങ്ങള്‍ പണം ചെലവഴിച്ചിട്ടുണ
Pinarayi Vijayan


Thrissur, 6 ഡിസംബര്‍ (H.S.)

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് ലഭിച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിക്കായി ഞങ്ങള്‍ പണം ചെലവഴിച്ചിട്ടുണ്ട്. പശ്ചാത്തല വികസനത്തിന് വേണ്ടി തന്നെയാണ് പണം ചിലവഴിച്ചത്. അത് റിസർവ്വ് ബാങ്ക് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ്. കിഫ്ബി പ്രവർത്തിക്കുന്നതില്‍ റിസർവ്വ് ബാങ്കിന് വിരുദ്ധമായി ഒരു വ്യതിയാനവും വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഡി നോട്ടീസില്‍ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.

ഭൂമി ഏറ്റെടുത്തത് ഒരു നിശ്ചിത ആവശ്യത്തിന് വേണ്ടിയാണ്. ഭൂമി ഏറ്റെടുക്കലും വിലക്ക് വാങ്ങലും രണ്ടും രണ്ട് ഏർപ്പാടാണ്. കിഫ്ബി പദ്ധതികള്‍ക്ക് പിന്നില്‍ ഒരു റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യവുമില്ല. സംസ്ഥാനത്ത് 4 വൻകിട പദ്ധതികളാണ് നടപ്പാക്കാൻ പോകുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിന് 20000 കോടി രൂപ ആവശ്യമാണ്. കിഫ്ബി വഴിയാണ് ആ പണം കണ്ടെത്തുക. അത് തടയാൻ ആണ് ഉദ്ദേശമെങ്കില്‍ നടക്കാൻ പോണില്ലെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു.

മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവർക്കാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടില്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്ബ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ളവർക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News