നിയമം നടപ്പാക്കിയ പിതാവ് പ്രതിക്കൂട്ടില്‍: മകളെ പീഡിപ്പിച്ച പ്രതിയെ പിടിച്ച അച്ഛനെതിരെ മര്‍ദ്ദനത്തിന് കേസ്; പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കോണ്‍ഗ്രസ്
Ernakulam, 6 ഡിസംബര്‍ (H.S.) ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 17-കാരനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച കുട്ടിയുടെ പിതാവിനെതിരെ മർദ്ദനക്കുറ്റം ചുമത്തി കേസെടുത്തത് വിവാദത്തില്‍. പോക്സോ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പ
Pocso case


Ernakulam, 6 ഡിസംബര്‍ (H.S.)

ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 17-കാരനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച കുട്ടിയുടെ പിതാവിനെതിരെ മർദ്ദനക്കുറ്റം ചുമത്തി കേസെടുത്തത് വിവാദത്തില്‍.

പോക്സോ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് പ്രവർത്തകർ കടവന്ത്ര പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

ഒക്ടോബർ 25-നാണ് കേസിനാസ്പദമായ സംഭവം കടവന്ത്രയില്‍ നടന്നത്. റോഡിലൂടെ സൈക്കിള്‍ ചവിട്ടുകയായിരുന്ന ഒൻപതും ഏഴും വയസ്സുള്ള പെണ്‍കുട്ടികളെ 17-കാരൻ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി. കുട്ടി പിതാവിനോട് വിവരം അറിയിച്ചതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പിതാവ് തന്നെയാണ് കൗമാരക്കാരനെ കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ചത്.

പ്രതിയെ പിടികൂടിയതിന് പിന്നാലെ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 17-കാരന്റെ ബന്ധുക്കളും സി.പി.എം. പ്രവർത്തകരും തന്നെ സമീപിച്ചതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ഒത്തുതീർപ്പിനായി പണം വാഗ്ദാനം ചെയ്യുകയും ഉണ്ടായി. എന്നാല്‍ കേസുമായി മുന്നോട്ടുപോകുമെന്ന നിലപാടില്‍ പെണ്‍കുട്ടിയുടെ കുടുംബം ഉറച്ചുനിന്നു.

ഇതിനു പിന്നാലെയാണ്, തന്നെ മർദ്ദിച്ചു എന്ന് ആരോപിച്ച്‌ 17-കാരൻ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പരാതി നല്‍കിയത്. ഈ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. പ്രതിയായ 17-കാരനെ പിതാവ് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മർദ്ദനക്കുറ്റം സംബന്ധിച്ച പരാതിയും ദൃശ്യങ്ങളും ഉള്ളതിനാല്‍ പിതാവിനെതിരെയുള്ള കേസും നിലനില്‍ക്കുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സംഭവം നടന്ന ഇരു കുടുംബങ്ങളും സി.പി.എം. അനുഭാവികളാണ്. എന്നാല്‍, തങ്ങള്‍ക്ക് ഇത്തരമൊരു പ്രശ്നം വന്നപ്പോള്‍ പാർട്ടിയില്‍ നിന്ന് സഹായം ലഭിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചു. തങ്ങള്‍ക്ക് ഒറ്റയ്ക്ക് പോലീസ് സ്റ്റേഷനില്‍ പോകേണ്ടിവന്നു എന്നും, പ്രതിയായ 17-കാരൻ സ്വതന്ത്രനായി നടക്കുന്നുവെന്നും അവർ പറഞ്ഞു. കേസില്‍ പുരോഗതിയില്ലാത്തതിനെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയ ശേഷമാണ് അന്വേഷണം എസ്.ഐ.യില്‍ നിന്ന് സി.ഐ.ക്ക് കൈമാറിയതെന്നും മാതാവ് വ്യക്തമാക്കി.

ഒത്തുതീർപ്പിന് വഴങ്ങാത്ത പിതാവിനെ കള്ളക്കേസില്‍ കുടുക്കി പോക്സോ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് ആരോപിച്ച്‌ ഉമ തോമസ് എം.എല്‍.എ, ഡി.സി.സി. അധ്യക്ഷൻ മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കടവന്ത്ര പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

പോക്സോ കേസില്‍ കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി വീണ്ടുമെടുത്ത് എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്ന എ.സി.പി. രാജ്കുമാറിന്റെ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. അതേസമയം, തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരാകാൻ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് പോലീസ് നിർദേശിച്ചിട്ടുണ്ട്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News