Enter your Email Address to subscribe to our newsletters

New delhi, 6 ഡിസംബര്‍ (H.S.)
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇന്ത്യയിലെ താമസത്തില്‍ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയിലെ താമസം അവരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് ജയശങ്കര്‍ പറഞ്ഞു. സാഹചര്യങ്ങളാണ് മുന്‍ ബംഗ്ലാദേശ് നേതാവിനെ ഇന്ത്യയില്‍ എത്തിച്ചതെന്നും മടക്കവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അവര്‍ തന്നെയാണ് തീരുമാനം എടുക്കേണ്ടതെന്നാണ് ഇന്ത്യയുടെ നയമെന്നും ശനിയാഴ്ച ജയശങ്കര്‍ പറഞ്ഞു.
ബഹുജനപ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ഓഗസ്റ്റിലാണ് 78-കാരിയായ ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. അക്രമത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആ സാഹചര്യത്തിലാണ് തന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
കഴിഞ്ഞ വര്‍ഷം നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തലുകളുമായി ബന്ധപ്പെട്ട് 'മനുഷ്യരാശിക്ക് എതിരായ കുറ്റങ്ങള്‍ക്ക്' ധാക്കയിലെ പ്രത്യേക ട്രിബ്യൂണല്‍ കഴിഞ്ഞ മാസം ഹസീനയ്ക്ക് വിചാരണ കൂടാതെ വധശിക്ഷ വിധിച്ചിരുന്നു. ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം നിയോഗിച്ച അന്താരാഷ്ട്ര ക്രൈം ട്രിബ്യൂണലാണ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്.
നിലവിലുള്ള ഉഭയകക്ഷി കരാര്‍ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി, ഹസീനയെ തങ്ങള്‍ക്ക് കൈമാറണം എന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കരാര്‍ വ്യവസ്ഥയിലെ ആറാം അനുച്ഛേദത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടി, രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇത്തരം കൈമാറ്റം വേണ്ടതില്ല എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
---------------
Hindusthan Samachar / Sreejith S