Enter your Email Address to subscribe to our newsletters

Kollam, 6 ഡിസംബര്‍ (H.S.)
കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ കരാര്‍ കമ്പനിക്ക് എതിരെ നടപടി. കേന്ദ്ര സര്‍ക്കാരാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കനിക്ക് ഒരു മാസത്തേക്ക് അടിയന്തര വിലക്ക് കല്‍പ്പിച്ച കേന്ദ്രം, കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവും തുടങ്ങി. കൊട്ടിയം മൈലക്കാടിന് സമീപത്തെ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇന്നലെയാണ് തകര്‍ന്നത്. സംഭവത്തില്‍ ദേശീയ പാത നിര്‍മ്മാണ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസടക്കം കേന്ദ്രം ഇതിനകം നല്‍കിക്കഴിഞ്ഞു. കരാര്‍ കമ്പനിയുടെ പ്രോജക്ട് മാനേജരെയും റസിഡന്റ് എഞ്ചിനീയറെയും മാറ്റുകയും ചെയ്തിട്ടുണ്ട്. വിദഗ്ധസമിതി സ്ഥലം സന്ദര്‍ശിക്കുന്നു എന്നും സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി. മണ്ണ് പരിശോധനയിലും അടിസ്ഥാന നിര്‍മ്മാണത്തിലും വീഴ്ചയുണ്ടായെന്നും കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.
കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നേരത്തെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കത്തയച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രത്തിന്റെ അടിയന്തിരമായ ഇടപെടലും നടപടിയും ഉണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാത 66-ന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S