Enter your Email Address to subscribe to our newsletters

Kerala, 6 ഡിസംബര്‍ (H.S.)
എറണാകുളം: പത്ത് ദിവസമായി ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകൂർ ജാമ്യാപേക്ഷ നൽകിയാൽ, ഒരാളെ അറസ്റ്റ് ചെയ്യുന്ന രീതി കേരളത്തിലില്ല. രാഹുൽ ഹൈക്കോടതിയെ സമീപിച്ചതും ഹൈക്കോടതി അറസ്റ്റ് തടഞ്ഞതും സ്വാഭാവിക നടപടിയാണ്. അതേസമയം രാഹുലിന് ഒളിവിൽ സംരക്ഷണമൊരുക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാക്കളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർണാടകയിലെ കോൺഗ്രസ് മാത്രമല്ല, രാഹുലിലെ രക്ഷപെടാൻ സഹായിച്ചതിൽ സംസ്ഥാനത്തെ കോൺഗ്രസുകാർക്കും പങ്കുണ്ട്. ഇനി മുകളിലെ കോൺഗ്രസിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അറിയണം, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ യുവതി നൽകിയ ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു . പരാതി രാഷ്ട്രീയപ്രേരിതമെന്നും അറസ്റ്റ് തടയണമെന്നുമായിരുന്നു രാഹുലിന്റെ വാദം. രാഹുലിന് വേണ്ടി അഡ്വക്കേറ്റ് എസ് രാജീവാണ് ഹാജരായത്. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അതിജീവിത പരാതി നൽകിയത് ശരിയായ ദിശയിലല്ലെന്നും പരാതി നൽകാൻ വൈകിയെന്നും ഹർജിയിൽ പറയുന്നു.
---------------
Hindusthan Samachar / Roshith K