Enter your Email Address to subscribe to our newsletters

Kuzhithura, 7 ഡിസംബര്‍ (H.S.)
മാർത്താണ്ഡം മേല്പാലത്തില്‍ ശനിയാഴ്ച രാവിലെ 7.30 ഓടെ സംഭവിച്ച വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ സഹോദങ്ങള്‍ക്ക് ദാരുണാന്ത്യം.
നെയ്യാറ്റിൻകര നെല്ലിമൂട് കൊല്ലകോണം പയറ്റുവിള ചരുവിള കിഴക്കരിക് വീട്ടില്‍ വിജയകുമാറിന്റെയും റീഷയുടെയും മക്കളായ രഞ്ജിത്ത് കുമാർ (24), രമ്യ (23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ കന്യാകുമാരി മാർത്താണ്ഡം ഫ്ലൈ ഓവറിലായിരുന്നു അപകടം.
മാർത്താണ്ഡത്തെ ഒരു സ്വകാര്യ ഐടി കമ്ബനിയിലെ അധ്യാപകനാണ് രഞ്ജിത്ത് കുമാർ. രമ്യ മാർത്താണ്ഡത്തെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയും. ഇരുവരും ഒരുമിച്ചാണ് എല്ലാ ദിവസവും ജോലിസ്ഥലമായ മാർത്താണ്ഡത്തേക്ക് പോകുന്നത്.
സഹോദരിയെ ജോലിചെയ്യുന്ന ആശുപത്രിയില്‍ കൊണ്ടുവിട്ട ശേഷമാണ് സഹോദരൻ കമ്ബനിയിലേക്ക് പോകാറുള്ളത്. പതിവുപോലെ ഇന്നലെ രാവിലെ ഇരുവരും ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകുന്ന വഴിക്കാണ് മാർത്താണ്ഡത്ത് വച്ച് നിയന്ത്രണം വിട്ട കാർ ബൈക്കില്‍ ഇടിച്ചത്. അപകടത്തില്‍ രഞ്ജിത്ത് കുമാർ തല്‍ക്ഷണം മരിച്ചു.
സഹോദരി രമ്യ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന മാർത്താണ്ഡം സ്വദേശി വിപിൻ ഗുരുതര പരിക്കുകളോടെ കുഴിത്തുറ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. മാർത്താണ്ഡം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാഗർകോവില്‍ ആശാരിപ്പള്ളം ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങള്‍ രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഇവരുടെ അച്ഛൻ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. അമ്മ ഹരിത കർമ്മ സേന അംഗവുമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR