വിമാന സർവീസുകൾ പൂർണമായും പുനഃസ്ഥാപിക്കാൻ ഇൻഡിഗോ; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് ഡിജിസിഎ
Delhi, 7 ഡിസംബര്‍ (H.S.) രാജ്യം മുഴുവൻ താളം തെറ്റിയ വിമാന സർവീസുകൾ സാധാരണ ഗതിയിലാക്കാനുള്ള കഠിന ശ്രമത്തിലാണ് ഇൻഡിഗോ. ഇതിനോടകം 95 ശതമാനം സർവീസുകളും പുനസ്ഥാപിച്ചെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു. പ്രതിസന്ധി അന്വേഷിക്കാൻ ഡിജിസിഎ പ്രത്യേക സമിതിയെ ന
INDIGO Flights


Delhi, 7 ഡിസംബര്‍ (H.S.)

രാജ്യം മുഴുവൻ താളം തെറ്റിയ വിമാന സർവീസുകൾ സാധാരണ ഗതിയിലാക്കാനുള്ള കഠിന ശ്രമത്തിലാണ് ഇൻഡിഗോ. ഇതിനോടകം 95 ശതമാനം സർവീസുകളും പുനസ്ഥാപിച്ചെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു. പ്രതിസന്ധി അന്വേഷിക്കാൻ ഡിജിസിഎ പ്രത്യേക സമിതിയെ നിയോഗിച്ചു . യാത്രാ പ്രതിസന്ധിയിൽ ഇൻഡിഗോ ചീഫ് ഓപ്പറേറ്റിങ് ഓഫീസർക്കും ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. അവസരം മുതലെടുത്ത് വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിൽ പാർലമെൻ്ററി വിമാന കമ്പനികളോട് സമിതി വിശദീകരണം തേടും.

ദിവസങ്ങളായി തുടരുന്ന പ്രതിസന്ധി പരിഹരിച്ചെന്നും താറുമാറായ ഭൂരിഭാഗം സർവീസുകളും പുനസ്ഥാപിച്ചെന്നുമാണ് ഇൻഡിഗോയുടെ അവകാശവാദം. ഇന്ന് 1500 ലധികം സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു . ഇൻഡിഗോയുടെ ആകെയുളള 138 ഡെസ്റ്റിനേഷനുകളിൽ 135 ഇടങ്ങളിലേക്കുള്ള സർവീസുകൾ സാധാരണ നിലയിൽ നടത്താനാകുമെന്നാണ് പ്രതീക്ഷ . പ്രശ്നം ഏറെക്കുറേ പരിഹരിച്ചെന്ന് ഇൻഡിഗോ അവകാശപ്പെടുമ്പോഴും യാത്രക്കാരെ വലച്ച് ഇന്നും വിമാന സർവീസുകൾ റദ്ദാക്കുന്നത് തുടരുകയാണ്.

ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, അമൃത്സർ എന്നിവിടിങ്ങളിൽ സർവീസുകൾ റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള അഞ്ച് ആഭ്യന്തര സർവീസുകളും റദ്ദാക്കി. ഇൻഡിഗോ സർവീസ് റദ്ദാക്കിയത് മുതലെടുത്ത് മറ്റ് കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതിൽ പാർലമെൻ്ററി സമിതി വിശദീകരണം തേടും. എല്ലാ വിമാന കമ്പനികളേയും, ഡിജിസിഎയേയും കേന്ദ്ര വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരേയും വിളിച്ച് വരുത്താനാണ് തീരുമാനം.

യാത്രാ പ്രതിസന്ധിയിൽ ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസിന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് ഇന്ന് മറുപടി നൽകും. വ്യോമയാന നിയമങ്ങൾ ലംഘിക്കപ്പെട്ടെന്നും ആസൂത്രണത്തിൽ വീഴ്ചയുണ്ടായെന്നും ചൂണ്ടിക്കാട്ടി ഇന്നലെയാണ് ഡിജിസിഎ നോട്ടീസ് നൽകിയത്. 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് നിർദേശം. മറുപടി തൃപ്തികരമല്ലെങ്കിൽ പീറ്റേഴ്സ് എൽബേഴ്സിനെ സിഇഒ സ്ഥാനത്ത് നിന്ന് നീക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും.

റദ്ദാക്കിയ വിമാന സർവീസുകളിൽ യാത്രക്കാർക്ക് റീഫണ്ട് നൽകുന്നതിന് കേന്ദ്രം. നിശ്ചയിച്ച സമയപരിധി ഇന്ന് വൈകിട്ടോടെ അവസാനിക്കും. വൈകിട്ട് 8 മണിക്കുള്ളിൽ റീഫണ്ട് നൽകിയെന്ന് ഉറപ്പാക്കണമെന്നാണ് അന്ത്യശാസനം. വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രധാന ദീർഘദൂര റൂട്ടുകളിൽ ഈ മാസം 13 വരെ റെയിൽവേ, സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News