Enter your Email Address to subscribe to our newsletters

Kozhikode, 7 ഡിസംബര്‍ (H.S.)
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച മുനവറലി ശിഹാബ് തങ്ങളുടെ മകൾ ഫാത്തിമ നർഗീസിനെ നിലപാടിനെ തള്ളിപ്പറഞ്ഞ് സമസ്ത കാന്തപുരം വിഭാഗം. വീടും പരിസരവും ആരോഗ്യകരമായി പരിപാലിക്കുന്ന സ്ത്രീ പള്ളിയിൽ പോകണം എന്ന് പറഞ്ഞാൽ അത് സ്വാതന്ത്ര്യമല്ല. അത് അമിത ഭാരം ചുമക്കാൻ നിർബന്ധിക്കലാണ്. ഇത് തിരിച്ചറിയാനുള്ള ബോധം മതം പഠിച്ച മുസ്‌ലിം സ്ത്രീകൾക്കുണ്ടെന്ന് റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു.
മക്കൾക്ക് മതവിജ്ഞാനം ആവശ്യമായ അളവിൽ നൽകാതെ ലിബറൽ പരിസരങ്ങളിൽ മേയാൻ വിട്ടാൽ അത് മനസ്സിലാകില്ല. സമുദായത്തിന് മാതൃകയാകേണ്ടവർ ജാഗ്രത കൈവിടരുത് എന്ന പരോക്ഷ വിമർശനവും മുനവറലി ശിഹാബ് തങ്ങൾക്കെതിരെ സമസ്ത കാന്തപുരം വിഭാഗം ഉന്നയിച്ചു.
സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കരുതെന്ന് ചിലർ ഉണ്ടാക്കിയെടുത്തതാണെന്നും വരും കാലത്ത് ഉടൻ തന്നെ ഇതിൽ മാറ്റും വരുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു ഫാത്തിമ നർഗീസിൻ്റെ പ്രതികരണം. കൊച്ചിയിൽ നടന്ന ഹോർത്തൂസിലെ ചർച്ചയിലാണ് മുനവറലി തങ്ങളുടെ മകൾ സ്ത്രീ പള്ളികളിലെ പ്രവേശനത്തിൽ അനുകൂല നിലപാട് പറഞ്ഞത്. 16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദം ആക്കേണ്ട കാര്യം ഇല്ലെന്നായിരുന്നു മുനവവറലി തങ്ങളുടെ മകൾക്ക് എതിരായ സൈബർ ആക്രമണത്തിൽ സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞത്. വേറെയും കാര്യങ്ങൾ ആ കുട്ടി പറഞ്ഞു. അതിൽ ഒരു കാര്യം മാത്രം എടുത്ത് വിവാദം ആക്കുന്നു. സൈബർ ആക്രമണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാമർശം വിവാദമായതോടെ മകളുടെ പ്രതികരണം മുഖ്യധാര മുസ്ലിം വിശ്വാസധാരയ്ക്ക് എതിരെന്ന് മുനവറലി തങ്ങൾ പ്രതികരിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
ഒരു പരിപാടിക്കിടെ ഒരു ചോദ്യത്തിന് 16 വയസുള്ള വിദ്യാർഥിനിയായ എൻ്റെ മകൾ ഫാത്തിമ നർഗീസ് നൽകിയ മറുപടിയെപ്പറ്റി ആവശ്യമായ വ്യക്തത വരുത്തുന്നതിനായാണ് ഈ കുറിപ്പ് എഴുതുന്നത്. കർമശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തിൽ മകൾ നൽകിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീർപ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ട്.
ആ മറുപടി, ആ വിഷയത്തിൽ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത ഒരു കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നതാണ് അഭ്യർത്ഥന. കേരളത്തിലെ പരമ്പരാഗത മുസ്ലിം പണ്ഡിത സമൂഹം അവരുടെ ആഴത്തിലുള്ള ജ്ഞാനത്തെ ആധാരമാക്കി വ്യക്തമായി നിർവചിച്ചിട്ടുള്ള ഒരു വിഷയത്തിൽ, ഒരു പിതാവെന്ന നിലയിൽ മുഴുവൻ ഉത്തരവാദിത്വബോധത്തോടെയും മകളുടെ ആ മറുപടി ഞാൻ ഇവിടെ തിരുത്തി വ്യക്തമാക്കുന്നു.!
---------------
Hindusthan Samachar / CHANDHU CHANDRASEKHAR