നടിയെ ആക്രമിച്ച കേസിലെ വിധി മാറ്റിവയ്ക്കണം, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി ഹൈക്കോടതി അഭിഭാഷകൻ
Kochi, 7 ഡിസംബര്‍ (H.S.) വോട്ടെടുപ്പ് നടക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ നടിയെ ആക്രമിച്ച കേസിലെ വിധി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി അഭിഭാഷകൻ. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് സം
actress assault case


Kochi, 7 ഡിസംബര്‍ (H.S.)

വോട്ടെടുപ്പ് നടക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ നടിയെ ആക്രമിച്ച കേസിലെ വിധി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി അഭിഭാഷകൻ. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് സംസ്ഥാന ഇലക്ഷൻ കമ്മീഷണർക്ക് കത്ത് നൽകിയത്. വിധി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നതിനാൽ മറ്റൊരു ​ദിവസത്തേക്ക് മാറ്റണം. കോടതി മുഖാന്തരം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. എട്ടു വർഷം നീണ്ട വിചാരണ നടപടികൾക്കൊടുവിൽ കേസിൽ ഡിസംബർ 8നാണ് വിധി പറയുവാൻ നിശ്ചയിച്ചിരിക്കുന്നത്.

കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടത് നടൻ ദിലീപ് എട്ടാം പ്രതിയായി ചേർക്കപ്പെട്ടപ്പോഴാണ്. 200ലേറെ സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയായത്. 2017 ഫെബ്രുവരി 17ന് കൊച്ചി നഗരത്തിൽ ഓടുന്ന വാഹനത്തിൽ നടി ക്വട്ടേഷൻ പ്രകാരം ആക്രമിക്കപ്പെട്ടു എന്ന കേസിൽ 85 ദിവസമാണ് ദിലീപ് ജയിലിൽ കഴിഞ്ഞത്. വിചാരണ കോടതിക്കെതിരായ പക്ഷപാത ആരോപണം, പ്രോസിക്യൂട്ടറുടെ രാജി, ആദ്യം കേസ് അന്വേഷിച്ച ഐജി ബി. സന്ധ്യയുടെ നീക്കങ്ങൾ, ജയിലിൽ പരിശോധനയിൽ ജയിൽ ഡിജിപി ആർ. ശ്രീലേഖ ദിലീപിന് സൗകര്യങ്ങൾ ചെയ്ത് നൽകി എന്ന ആരോപണങ്ങൾ അടക്കം പലതും ചർച്ച ചെയ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9നാണ് വോട്ടെടുപ്പ് നടക്കപ്പെടുന്നത്. ഇതിന്റെ തലേദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരുന്നത്. കോടതി വിധിയുടെ ഓരോ വാക്കും തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുവാൻ സാധ്യതയുണ്ടെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണ്. സ്ത്രീകൾ കോടതി വിധിയെ ഗൗരവപരമായി കാണുകയും നീതി, സുരക്ഷ, സ്ത്രീകളുടെ മാന്യത, പരിഗണന പ്രസ്തുത ഘടകങ്ങൾ തെരെഞ്ഞെടുപ്പിൽ പശ്ചാത്തലമാക്കുകയും ചെയ്യും. തെരെഞ്ഞെടുപ്പിന്റെ തലേ ദിവസം വരുന്ന കോടതി വിധി വോട്ടെടുപ്പിൽ സ്വാധീനം ചെലുത്തുന്നത് നിഷ്പക്ഷ നടപടിക്രമങ്ങൾക്ക് ഗുണകരമല്ല എന്നതിനാൽ കോടതി വിധി ഇലക്ഷന് ശേഷം മാറ്റുന്നതിന് കോടതി മുഖാന്തിരം കമ്മീഷൻ ആവിശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് കത്തിൽ പറയുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News