വികസനം തടഞ്ഞ മാവോയിസ്റ്റുകള്‍ സ്ഥലം വിട്ടു; ബിജാപുരിലെ കൊണ്ടപ്പള്ളിയില്‍ ആദ്യമായി മൊബൈല്‍ ടവര്‍ എത്തി
Chhattisgarh, 7 ഡിസംബര്‍ (H.S.) ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിലെ അതിവിദൂര ഗ്രാമമായ കൊണ്ടപ്പള്ളിയില്‍ വികസനത്തിൻ്റെ നാഴികക്കല്ലായി ഒരു മൊബൈല്‍ ടവർ സ്ഥാപിച്ചു. മുൻപ് മാവോയിസ്റ്റുകളുടെ ശക്തമായ കേന്ദ്രമായിരുന്നതിനാലാണ് ഇവിടെ ടവർ സ്ഥാപിക്കുന്നത് വൈകിയത്
Bijapur


Chhattisgarh, 7 ഡിസംബര്‍ (H.S.)

ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിലെ അതിവിദൂര ഗ്രാമമായ കൊണ്ടപ്പള്ളിയില്‍ വികസനത്തിൻ്റെ നാഴികക്കല്ലായി ഒരു മൊബൈല്‍ ടവർ സ്ഥാപിച്ചു.

മുൻപ് മാവോയിസ്റ്റുകളുടെ ശക്തമായ കേന്ദ്രമായിരുന്നതിനാലാണ് ഇവിടെ ടവർ സ്ഥാപിക്കുന്നത് വൈകിയത്. സുരക്ഷാ സേനകള്‍ മേഖലയില്‍ തങ്ങളുടെ നിരീക്ഷണം ശക്തിപ്പെടുത്തിയതോടെയാണ് ഈ വികസനം യാഥാർത്ഥ്യമായത്.

ഈ മൊബൈല്‍ ടവർ വന്നതോടെ ബാങ്കിങ് ഉള്‍പ്പെടെയുള്ള പ്രധാന സേവനങ്ങള്‍ ഗ്രാമീണർക്ക് ലഭ്യമാകും. ടവർ പ്രവർത്തനക്ഷമമായപ്പോള്‍, ഗ്രാമവാസികള്‍ ആവേശം പ്രകടിപ്പിച്ചുകൊണ്ട് ടവറിനടുത്തേക്ക് റാലി നടത്തി. അവർ പരമ്ബരാഗത ആചാരങ്ങള്‍ പാലിക്കുകയും ആഹ്ളാദത്തോടെ നൃത്തം ചെയ്യുകയും ചെയ്തു. മൊബൈല്‍ കണക്ടിവിറ്റി ഇല്ലാതിരുന്നതിനാല്‍, ബാങ്കിങ് ആവശ്യങ്ങള്‍ക്കായി ആളുകള്‍ക്ക് ദീർഘദൂരം യാത്ര ചെയ്യേണ്ടി വന്നിരുന്നു.

വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ നല്‍കുന്ന പദ്ധതി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ കൈമാറ്റം ചെയ്യല്‍ തുടങ്ങിയ സർക്കാർ പദ്ധതികളുടെ പ്രയോജനം ജനങ്ങളിലേക്ക് എത്തുന്നതിനും കണക്ടിവിറ്റി പ്രശ്നം തടസ്സമായിരുന്നെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ബസ്തറിലെ ഈ വിദൂര ഗ്രാമങ്ങളിലെ ആളുകള്‍ക്ക് സർക്കാർ സ്ഥാപിച്ചിട്ടുള്ള എടിഎമ്മുകള്‍ ഉപയോഗിച്ച്‌ പണം പിൻവലിക്കാനും ഓണ്‍ലൈൻ ബാങ്കിങ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും മൊബൈല്‍ ടവർ സഹായകമാകും. ഈ നെറ്റ് വർക്ക് കൊണ്ടപ്പള്ളിക്ക് മാത്രമല്ല, അതിൻ്റെ 5 കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് ഗ്രാമങ്ങള്‍ക്കും പ്രയോജനപ്പെടും, ഒരു സർക്കാർ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

തെലങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിലെ വനമേഖലയിലാണ് കൊണ്ടപ്പള്ളി സ്ഥിതി ചെയ്യുന്നത്. ഇവിടെ റോഡുകള്‍, വൈദ്യുതി, ശുദ്ധജലം എന്നിവയുടെ ലഭ്യതക്കുറവ് ഒരുപാട് കാലമായി നിലനിന്നിരുന്നു. 6,500 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ബിജാപുരിലെ ഏകദേശം 700 ഗ്രാമങ്ങളില്‍ 400 എണ്ണം ഇപ്പോഴും മൊബൈല്‍ നെറ്റ്‌വർക്ക് പരിധിക്ക് പുറത്താണ്.

പ്രധാന മാവോയിസ്റ്റ് മേഖലയായ ബിജാപുരില്‍ മൊബൈല്‍ കണക്റ്റിവിറ്റി വികസിപ്പിക്കുന്നത് ഇപ്പോഴും വെല്ലുവിളിയാണ്. 2024 മുതല്‍ ബസ്തർ മേഖലയില്‍ കൊല്ലപ്പെട്ട 463 മാവോയിസ്റ്റുകളില്‍ 219 പേർ (47%) ബിജാപുരില്‍ നിന്നുള്ളവരാണ്. 2022 മുതല്‍ ഇതുവരെ മാവോയിസ്റ്റുകള്‍ എട്ട് മൊബൈല്‍ ടവറുകള്‍ കത്തിച്ചു നശിപ്പിച്ചു, അതില്‍ ആറെണ്ണം 2024-ന് ശേഷമാണ് സംഭവിച്ചത്. 2024 ഡിസംബറില്‍ ഒരു പോലീസ് ക്യാമ്ബ് സ്ഥാപിച്ചതിന് ശേഷം വികസന പ്രവർത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലായിട്ടുണ്ട്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഗ്രാമത്തിലേക്കുള്ള റോഡ് പുനർനിർമ്മിച്ചു വരികയാണ്. വെറും രണ്ട് മാസം മുൻപാണ് കൊണ്ടപ്പള്ളിയില്‍ ആദ്യമായി വൈദ്യുതി എത്തുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News