Enter your Email Address to subscribe to our newsletters

Kollam, 7 ഡിസംബര്‍ (H.S.)
കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ സംഭവത്തില്‍ കേന്ദ്ര വിദഗ്ധ സംഘം ഉടൻ അന്വേഷണം നടത്തും.
ഡല്‍ഹിയില്‍നിന്നുള്ള സംഘമാണ് സ്ഥലത്തെത്തി അന്വേഷണ റിപ്പോർട്ട് കേന്ദ്ര ഗതാഗത മന്ത്രാലയത്തിനും എൻ.എച്ച്.എ.ഐക്കും സമർപ്പിക്കുക.
ദേശീയപാത അതോറിറ്റിയുടെ (NHAI) വിദഗ്ധ സംഘമാണ് തകർച്ചയുടെ കാരണം കണ്ടെത്താൻ കൊട്ടിയത്തെത്തുന്നത്. സമാനമായ അപകടസാധ്യതയുള്ളതായി ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയ നാല് സ്ഥലങ്ങളില്‍ പിഡബ്ല്യുഡി, മൈനിങ് ആൻഡ് ജിയോളജി, ഭൂഗർഭ ജല വകുപ്പ് വിദഗ്ധർ പരിശോധന നടത്തും. വീഴ്ചയുടെ പശ്ചാത്തലത്തില്‍ കരാർ കമ്ബനിക്ക് കേന്ദ്രം ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി. കമ്ബനിയെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവും ആരംഭിച്ചു. കരാർ കമ്ബനിയുടെ പ്രോജക്‌ട് മാനേജരെയും റെസിഡന്റ് എഞ്ചിനീയറെയും മാറ്റി.
മണ്ണ് പരിശോധനയിലും നിർമ്മാണത്തിലും വീഴ്ചയുണ്ടായതായി കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. നിർമ്മാണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാതയുടെ നിർമ്മാണത്തിനായി അഷ്ടമുടിക്കായലില്‍നിന്ന് എടുത്ത മണ്ണ് ഉപയോഗിച്ചിരുന്നു. അപകടം നടന്ന സ്ഥലത്ത് ഈ മണ്ണാണോ ഉപയോഗിച്ചതെന്ന കാര്യത്തില്‍ പരിശോധന വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. കൊല്ലം മൈലക്കാടിന് സമീപം 31.25 കി.മീ. ദൂരമുള്ള കടമ്ബാട്ടുക്കോണം-കൊല്ലം സ്ട്രെച്ചിലാണ് അപകടം നടന്നത്. ശിവാലയ കണ്‍സ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല. മലപ്പുറം കൂരിയാട് അടക്കം നേരത്തെയും നിർമ്മാണത്തിലിരിക്കുന്ന ദേശീയപാത തകർന്നിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR