Enter your Email Address to subscribe to our newsletters

Kerala, 7 ഡിസംബര്‍ (H.S.)
കൊച്ചി: യുവനടിയെ ഓടുന്ന വാഹനത്തിൽ ലൈംഗികമായി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നാടകീയതയും വിവാദങ്ങളും നിറഞ്ഞ വിചാരണയ്‌ക്കൊടുവിൽ നാളെ നിർണായക വിധി. എട്ടര വർഷത്തിനുശേഷം വരുന്ന വിധി, എട്ടാംപ്രതിയായ നടൻ ദിലീപിനെ എങ്ങനെ ബാധിക്കുമെന്നതിന്റെ ആകാംക്ഷയിലാണ് മലയാളികൾ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണ് വിധി പ്രസ്താവിക്കുക.
പെരുമ്പാവൂർ സ്വദേശി സുനിൽകുമാർ എന്ന പൾസർ സുനിയാണ് ഒന്നാംപ്രതി. ദിലീപ് അടക്കം 10 പ്രതികളുണ്ട്. 2017 ഫെബ്രുവരി 17ന് വൈകിട്ട് ഷൂട്ടിംഗിനായി തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, വടിവാൾ സലിം (എച്ച്.സലിം), പ്രദീപ്, ചാർലി തോമസ് എന്നിവരാണ് രണ്ടുമുതൽ ഏഴുവരെ പ്രതികൾ. മേസ്ത്രി സനിലാണ് (സനിൽകുമാർ) ഒമ്പതാംപ്രതി. രണ്ടാം കുറ്റപത്രത്തിൽ ദിലീപിന്റെ സൃഹൃത്തായ വി.ഐ.പി ശരത് എന്ന ശരത്നായരെയും പ്രതിചേർത്തിരുന്നു.2017 ജൂലായ് 10ന് ദിലീപ് അറസ്റ്റിലായെങ്കിലും ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. ദീർഘനാൾ ജയിലിൽ കഴിഞ്ഞ പൾസർ സുനിക്ക് 2024 സെപ്തംബറിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2018 മാർച്ച് എട്ടിനാണ് വിചാരണ തുടങ്ങിയത്. കൂട്ടമാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ളീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ എന്നിവയിൽ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായ കുറ്റം.
---------------
Hindusthan Samachar / Roshith K